കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ജൂബിലി കോളേജ് വിദ്യാര്‍ഥിനികളുടെ മെഗാ തിരുവാതിര, വിജിനപുര ജൂബിലി സ്‌കൂള്‍, ജൂബിലി സിബിഎസ്ഇ, ജൂബിലി കോളേജ് വിദ്യാര്‍ഥികള്‍, സ്‌കൂള്‍, യുവജന – വനിതവിഭാഗം കലാകാരന്മാര്‍ എന്നിവരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഓണാഘോഷ പരിപാടിയില്‍ കര്‍ണാടക കേരള മന്ത്രിമാരും എഴുത്തുകാരും മുഖ്യാതിഥികളായി.

ഓണസദ്യക്ക് ശേഷം നടന്ന പൊതുസമ്മേളനം കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, കേരള മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി, സിബിഎസ്ഇ റീജിയണല്‍ ഓഫിസര്‍ രമേഷ് പി മേനോന്‍, കന്നഡ സാഹിത്യകാരി സുകന്യ മാരുതി, മലയാള സാഹിത്യകാരന്‍ പി എഫ് മാത്യൂസ് എന്നിവര്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളീധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍, എഡ്യുക്കേഷണല്‍ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് എന്നിവര്‍ സംസാരിച്ചു. ഖജാഞ്ചി എം കെ ചന്ദ്രന്‍, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, വനിതാ വിഭാഗം ചെയര്‍ പേഴ്‌സന്‍ ഗ്രേസി പീറ്റര്‍, യുവജന വിഭാഗം ചെയര്‍മാന്‍ രാഹുല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് എം പി വിജയന്‍ നന്ദി പറഞ്ഞു. വിജിനപുര ജൂബിലി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീലതയായിരുന്നു അവതാരിക. റിയ തോമസ്, അനഘ എ, ഷമീമ എ, അവന്തിക, അങ്കിത എ, ശ്രീലത, സി കുഞ്ഞപ്പന്‍ എന്നിവര്‍ അതിഥികളെ പരിചയപ്പെടുത്തി.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് മുഖ്യാതിഥികള്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വയനാട് ദുരന്തം ഉണ്ടായപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 മാസത്തെ ശമ്പളം സംഭാവന നല്‍കിയ കല്പള്ളി വൈദ്യുതി ശ്മശാന ജീവനക്കാരന്‍ കുട്ടി എന്നറിയപ്പെടുന്ന അന്തോണി സ്വാമിയെ മന്ത്രി ചിഞ്ചു റാണി ആദരിച്ചു. കരാട്ടെ അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പുകളില്‍ നിരവധി പ്രശസ്തി നേടിയ നിതീഷ് വി എന്ന എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥിയെയും ടോപ് സ്റ്റാര്‍ സീസണ്‍ 1 വിജയി സീതാലക്ഷ്മിയെയും യോഗത്തില്‍ ആദരിച്ചു.

സോണല്‍ സെക്രട്ടറിമാരായ എസ് വിശ്വനാഥന്‍, ബാലകൃഷ്ണപിള്ള, എ യു രാജു, കെ കെ പവിത്രന്‍, പുരുഷോത്തമന്‍ നായര്‍ എന്‍, സുഖിലാല്‍ ജെ, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ഇ പ്രസാദ് എന്നിവരും മുന്‍ ഭാരവാഹികളും മത്സര വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.

ജി ശ്രീറാം, മൃദുല വാര്യര്‍, അന്‍വര്‍ സാദത്ത്, സനുജ എന്നിവര്‍ പങ്കെടുത്ത കോഴിക്കോട് ടൈം ജോക്‌സ് അവതരിപ്പിച്ച ഗാനമേള, രതീഷ് അവതരിപ്പിച്ച ജഗ്ഗ്‌ലിങ് എന്നിവ ആകര്‍ഷകമായി.
<br>
TAGS : ONAM-2024

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *