കൊടും ചൂട്; മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

കൊടും ചൂട്; മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

കേരളത്തിൽ ചൂട് ശമനമില്ലാതെ തുടരുന്നു. മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണം.

പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയർന്നേക്കും. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സാധാരണയേക്കാള്‍ മൂന്നു മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത. ഉഷ്ണ തരംഗ സാധ്യത മുന്നില്‍ക്കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ തുടരും.

കനത്ത ചൂടില്‍ കഴിഞ്ഞ ദിവസം രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കണ്ണൂർ സ്വദേശിയായ മധ്യവയസ്കനും, പാലക്കാട് സ്വദേശിനിയായ വയോധികയുമാണ് മരണപ്പെട്ടത്. അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാനാണ് വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *