വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; സമ്മാനങ്ങള്‍ നല്‍കി കുട്ടികളെ സ്വീകരിച്ച്‌ സര്‍ക്കാര്‍

വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; സമ്മാനങ്ങള്‍ നല്‍കി കുട്ടികളെ സ്വീകരിച്ച്‌ സര്‍ക്കാര്‍

വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നല്‍കി.

2,44,646 കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവ് ഇക്കുറി ഉണ്ടായി. കഴിഞ്ഞവർഷം 298,067 കുട്ടികള്‍ വന്നയിടത്ത് ഇത്തവണ 2,44,646 ആയി കുറഞ്ഞു. 34,48,553 കുട്ടികളാണ് വിവിധ ക്ലാസുകളിലായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ എത്തിയത്.

പലവിധ സൗകര്യങ്ങളാണ് കുട്ടികള്‍ക്കായി സ്കൂളുകളില്‍ ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളും യൂനിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികള്‍ക്ക് ബാഗും കുടകളും നല്‍കി. ക്ലാസ്മുറികള്‍ ഹൈടെക്കായി. റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കും. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകള്‍ മാറി. ഇതിനെയെല്ലാം ഉപയോഗിച്ച്‌ ജീവിതത്തില്‍ മുന്നേറാൻ കുട്ടികള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയകാലത്തെ നേരിടാനുള്ള പ്രാപ്തി കുട്ടികളില്‍ ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് 2016 ല്‍ പൊതു വിദ്യാഭ്യാസ സംരക്ഷണം യജ്ഞം തുടങ്ങിയത്. അത് പൊതു വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യസം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമായി മാറി. പരീക്ഷാ നടത്തിപ്പ് അടക്കം പൊതു സമൂഹം ഏറ്റെടുത്തത് കൊവിഡ് കാലത്ത് കണ്ടു. നീതി അയോഗ് റിപ്പോർട്ടില്‍ കേരളത്തിലെ വിദ്യാഭ്യസ നിലവാരം ഒന്നാമതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


TAGS: KERALA, KERALA SCHOOLS
KEYWORDS: School opened in Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *