പുതുതായി 20 വോൾവോ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

പുതുതായി 20 വോൾവോ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 വോൾവോ മൾട്ടി ആക്‌സിൽ സീറ്റർ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 2003-04ൽ ആദ്യമായി അവതരിപ്പിച്ച ഐരാവത് ക്ലബ് ക്ലാസിൻ്റെ നവീകരിച്ച പതിപ്പായിരിക്കുമിത്. വോൾവോയുടെ 9600 സീരീസിൻ്റെ ഭാഗമാണ് പുതിയ ബസുകൾ. കെഎസ്ആർടിസിയുടെ ഫ്ളാഗ്ഷിപ്പ് അമ്പാരി ഉത്സവത്തിൻ്റെ സീരീസ് കൂടിയാണിത്. ഓരോ ബസിനും 1.78 കോടി രൂപയാണ് ചെലവ്.

പുതിയ ബസുകളിൽ നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ലോഗോയും ബ്രാൻഡിംഗും നിലനിർത്തുന്നുണ്ടെങ്കിലും ഫയർ അലാറം ആൻഡ് പ്രൊട്ടക്ഷൻ സിസ്റ്റം (എഫ്എപിഎസ്) ഉൾപ്പെടെയുള്ള മികച്ച ഇൻ-ക്ലാസ് ഫീച്ചറുകൾ ഉണ്ടെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ വി. അൻബുകുമാർ പറഞ്ഞു. തീപിടിത്തമുണ്ടായാൽ 30 നോസിലുകളിൽ നിന്ന് വെള്ളം എത്തിക്കാൻ എഫ്എപിഎസ് പ്രകാരം പാസഞ്ചർ സീറ്റുകളുടെ ഇരുവശത്തും വാട്ടർ പൈപ്പുകൾ നൽകും.

കർണാടകയിൽ ഇതാദ്യമായാണ് വോൾവോ സീറ്റർ ബസുകളിൽ ഇത്തരമൊരു ഫീച്ചർ ലഭ്യമാക്കുന്നത്. മെച്ചപ്പെട്ട എഞ്ചിനും മൈലേജും, കൂടുതൽ ലഗേജ് കപ്പാസിറ്റി, രാത്രികാല ഡ്രൈവിങ്ങിന് മികച്ച ഫോഗ് ലൈറ്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

ബെംഗളൂരുവിൽ നിന്ന് റായ്ച്ചൂർ, മന്ത്രാലയ, കുന്ദാപുര, കാസറഗോഡ്, കോഴിക്കോട്, ഗോവ, ശിവമൊഗ, മൈസൂരു, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് കെഎസ്ആർടിസിയുടെ പുതിയ ബസുകൾ സർവീസ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് അൻബുകുമാർ അറിയിച്ചു.

TAGS: KARNATAKA | KSRTC
SUMMARY: KSRTC to induct 20 new Airavat Club Class buses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *