യുഎസ് കമ്പനിയ്ക്ക് നൽകുന്ന സബ്‌സിഡിയ്‌ക്കെതിരെ കേന്ദ്രമന്ത്രി കുമാരസ്വാമി

യുഎസ് കമ്പനിയ്ക്ക് നൽകുന്ന സബ്‌സിഡിയ്‌ക്കെതിരെ കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരു: യുഎസ് ആസ്ഥാനമായി ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്നോളജിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനത്തിന് കേന്ദ്രം നല്‍കിയ സബ്‌സിഡിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമി. മൂന്നാം മോദി സര്‍ക്കാരിലെ സ്റ്റീൽ – ഘന വ്യവസായ മന്ത്രിയാണ് കുമാരസ്വാമി. ഇന്ത്യയില്‍ 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി ഇറക്കിയത്. പ്ലാന്റിന്റെ ഭാഗമായി 5,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

എന്നാല്‍ കമ്പനിയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 2 ബില്യണ്‍ ഡോളര്‍ സബ്‌സിഡിയാണ്. കമ്പനിയുടെ നിക്ഷേപത്തിന്റെ 70 ശതമാനത്തോളമാണിത്. കമ്പനി സൃഷ്ടിച്ച തൊഴില്‍ കണക്ക് അടിസ്ഥാനമാക്കി പറഞ്ഞാല്‍ ജോലി ഒന്നിന് സര്‍ക്കാര്‍ നല്‍കുന്നത് 3.2 കോടി രൂപയാണ്. നിലവിൽ ഇന്ത്യക്ക് ഇതിന്റെ ആവശ്യമില്ലെന്നാണ് കുമാരസ്വാമിയുടെ വാദം.

ബെംഗളൂരു അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിരവധി ചെറുകിട സംരംഭകരുണ്ട്. അവരും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അവർക്കാർക്കും ഇത്തരം സാമ്പത്തിക സഹായം ലഭ്യമല്ലെന്നതും കുമാരസ്വാമി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാം എന്നതാണ് മന്ത്രി പദത്തിലിരുന്ന് ഇപ്പോള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നരേന്ദ്ര മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് അടക്കമുള്ള നിരവധി കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുകയാണ് കുമാരസ്വാമിയുടെ വാക്കുകള്‍.

TAGS: HD KUMARASWAMY| KARNATAKA
SUMMMARY: HD Kumaraswamy openly criticise subsidy given for us based company

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *