കുവൈത്ത് തീപിടുത്തം; തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയില്ലെന്നും കെജി എബ്രഹാം

കുവൈത്ത് തീപിടുത്തം; തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയില്ലെന്നും കെജി എബ്രഹാം

അപകടം ദൗർഭാഗ്യകരമെന്നും തീപിടിത്തം ഉണ്ടായ സമയത്ത് താൻ കേരളത്തിലായിരുന്നുവെന്നും കെ ജി എബ്രഹാം. കുവൈറ്റില്‍ അപകടമുണ്ടായ എൻ.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമയും കേരളം കേന്ദ്രമായ കെ.ജി.എ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമാണ് കെ ജി എബ്രഹാം.

49 വർഷമായി കുവൈത്തിലാണ് താൻ‍ ഉള്ളത്. കുവൈത്തിനെയും ജനങ്ങളെയും താൻ സ്നേഹിക്കുന്നു. ഇന്ത്യൻ എംബസി നന്നായി കാര്യങ്ങള്‍ ചെയ്തെന്നും കേന്ദ്രത്തിൻ്റെ നല്ല ഇടപെടല്‍ കാരണമാണ് മൃതദേഹങ്ങള്‍ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനേജിങ് ബോർഡിലുള്ള രണ്ട് പേർ വീതം മരിച്ചവരുടെ വീടുകളിലെത്തി വിവരശേഖരണം നടത്തും. മരിച്ചവരുടെ കുടുംബത്തെ നേരിട്ട് കണ്ട് ആദരാഞ്ജലി അറിയിക്കും. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. സഹായം ആര് ആവശ്യപ്പെട്ടാലും നല്‍കാൻ തയാറാണ്. തങ്ങള്‍ക്കതിനുള്ള ബാധ്യതയുണ്ടെന്നും അദ്ദഹം പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലീസിനെടുത്ത കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഇതുവരെ കമ്പനിക്കെതിരായി ഒരു കേസുമില്ല. റൂമുകളില്‍ ഭക്ഷണം പാചകം ചെയ്യാൻ അനുവദിക്കാറില്ല. 60-70 ആളുകള്‍ ജോലി ചെയ്യുന്ന അടുക്കള തങ്ങള്‍ക്കുണ്ട്. തങ്ങളുടെ മെനു അനുസരിച്ച്‌ തയ്യാറാക്കുന്ന ഭക്ഷണം അതാത് കെട്ടിടങ്ങളിലെ പൊതു ഡൈനിങ് ഹാളിലേക്ക് എത്തിക്കാറാണ് പതിവ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. റിപ്പോർട്ടില്‍ ഇക്കാര്യം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ തൊഴിലാളികള്‍ സൗജന്യമായി നില്‍ക്കുന്ന കെട്ടിടമാണിത്. 80-90 ആളുകള്‍ അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. 40 ആളുകള്‍ നിലവില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. കുവൈത്ത് സർക്കാറും ഇന്ത്യൻ എംബസിയും കൃത്യമായി ഇടപെട്ടു. കേന്ദ്രസർക്കാർ നല്ല രീതിയില്‍ ഇടപെട്ടു. 48 മണിക്കൂറിനുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രമധ്യേയാണ് അപകടവിവരം അറിയുന്നത്. വാർത്ത അറിഞ്ഞതോടെ തകർന്നുപോയി. 25-27 വർഷമായി ഞങ്ങളോടൊപ്പം ജോലി ചെയ്യുന്നവരുണ്ട്. ഒരുപാട് പേടിച്ചു. വീട്ടിലിരുന്ന് കരയുകയായിരുന്നു. വിഷയം അറിഞ്ഞതോടെ യാത്ര ഒഴിവാക്കി തിരുവല്ലയിലെ വീട്ടിലേക്ക് പോയി. പ്രഷറും ഷുഗറും വർധിച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ടു. പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


TAGS: KG ABRAHAM| KERALA| KUWAIT FIRE DEATH|
SUMMARY: Taking responsibility of Kuwait tragedy, will protect victims’ families: KG Abraham

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *