ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കം

ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് വ്യാഴാഴ്ച തുടക്കമായി. ഗ്ലാസ്ഹൗസിൽ നടന്ന ചടങ്ങ് രാവിലെ 10.30ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 12 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങ് ഓഗസ്റ്റ് 19ന് അവസാനിക്കും. ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതവും പ്രവർത്തനങ്ങളുമാണ് ഇത്തവണത്തെ പുഷ്പമേളയുടെ പ്രമേയം.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ലാൽബാഗിൽ പുഷ്പങ്ങൾ എത്തിച്ചിട്ടുള്ളത്. 3.6 ലക്ഷം റോസാപ്പൂക്കളും 2.4 ലക്ഷം ക്രിസാന്തവും ഉപയോഗിച്ച് നിർമിച്ച പഴയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.

രാവിലെ ആറുമുതൽ ഒമ്പത് വരെ ഗ്ലാസ് ഹൗസിന് സമീപത്തും ഒമ്പത് മുതൽ വൈകീട്ട് 6.30 വരെ പ്രവേശനകവാടങ്ങളിലും ടിക്കറ്റ് ലഭിക്കും. രാത്രി ഏഴുവരെമാത്രമേ ഗ്ലാസ് ഹൗസിലേക്ക് പ്രവേശനമുണ്ടാകൂ. ഇത്തവണ മേളയിൽ 12 ലക്ഷത്തോളം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ഹോർട്ടി കൾച്ചർ ഡിപ്പാർട്മെന്‍റാണ് പുഷ്പമേള നടത്തുന്നത്.

ലാൽബാഗ് പുഷ്പമേള നടക്കുന്നിടത്തേയ്ക്ക് എത്തിച്ചേരാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് സന്ദർശകരോട് അഭ്യർത്ഥിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് പകരമായി നമ്മ മെട്രോ, ബിഎംടിസി ബസുകൾ തുടങ്ങിയ ഓപ്ഷനുകൾ ശുപാർശ ചെയ്തിട്ടുണ്ട്.

TAGS: BENGALURU | LALBAG | FLOWER SHOW
SUMMARY: Lalbag flower show kicked off from bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *