മൂന്നാറിലെ ഭൂമി: സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

മൂന്നാറിലെ ഭൂമി: സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

ഇടുക്കി: മൂന്നാറിലെ ഭൂമി പ്രശ്നത്തില്‍ അടിയന്തരമായി സ്പെഷല്‍ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം. പോലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നല്‍കുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. വ്യാജ പട്ടയങ്ങള്‍ നല്‍കിയതും റവന്യൂ രേഖകളിലടക്കം കൃത്രിമം നടത്തിയതും സ്പെഷല്‍ ഓഫീസർ പരിശോധിക്കണമെന്നും ‍ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ആവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ സഹായത്തോടെ എത്രയും വേഗം അന്വേഷണം നടത്തണമെന്നും കോടതി അറിയിച്ചു. നേരത്തെ പട്ടയം നല്‍കിയ കേസിലും അന്വേഷണം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ 19 റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നാറില്‍ വ്യാജ പട്ടയം നല്‍കിയ കേസില്‍ 19 റവന്യു ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണ്.

അതേസമയം പട്ടയ വിതരണത്തിലെ വിവരശേഖരണം ഉള്‍പ്പെടെയുള്ള നടപടികളില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ പട്ടയ വിതരണ കേസില്‍ ആരും ഒന്നും ശ്രദ്ധിക്കുന്നില്ലെന്നും അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി.

വ്യാജ പട്ടയ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതി വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വ്യാജ പട്ടയ വിതരണത്തില്‍ ഉദ്യോഗസ്ഥ മാഫിയയുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ എന്ത് നടപടിയെടുത്തെന്നും കോടതി ചോദിച്ചിരുന്നു. ഒരു കേസിലും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *