മംഗളൂരു മണ്ണിടിച്ചല്‍ ദുരന്തം; മരണം നാലായി

മംഗളൂരു മണ്ണിടിച്ചല്‍ ദുരന്തം; മരണം നാലായി

മംഗളൂരു: മംഗളൂരുവിലെ രണ്ടിടങ്ങളില്‍ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ വീട് തകർന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. പ്രേമയുടെ മകൻ്റെ ഭാര്യ അശ്വിനിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രേമ പൂജാരി (മുത്തശ്ശി), കാന്തപ്പ പൂജാരി (മുത്തച്ഛൻ), മകൻ സീതാറാം, ഭാര്യ അശ്വിനി, മക്കളായ ആര്യൻ, ആരുഷ്, എന്നിങ്ങനെ കുടുംബത്തിലെ ആറ് പേരാണ് സംഭവസമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്നത്. പുലർച്ചെ വീടിനു പിന്നിലെ കുന്നിടിഞ്ഞു വീഴുകയായിരുന്നു.

പ്രേമ പൂജാരിയുടെ മൃതദേഹം ആദ്യം കണ്ടെടുത്തിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടികളായ ആര്യനും ആരുഷും പിന്നീട് മരണപ്പെടുകയായിരുന്നു. അശ്വിനിയുടെ നില ഗുരുതരമായി തുടരുന്നു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. കാലിനു ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകൻ സീതാറാം എന്നിവരും ചികിത്സയിലാണ്.

പ്രദേശവാസികൾ, ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും അശ്വിനിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. എന്നാൽ കുട്ടികളെ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി ദെർലക്കട്ടെയ്ക്കടുത്ത് കനകരെയിലെ ബെൽമയ്ക്ക് സമീപം വീടിന് മുകളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്ത് വയസുകാരി മരിച്ചു. നൗഷാദിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. വീടിനു പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയ്ക്ക് അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
<br>
TAGS : LAND SLIDE, MANGALURU
SUMMARY : Landslide in Mangaluru; death toll rises to four.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *