സഹകരണ സംഘത്തിൽ അംഗങ്ങളറിയാതെ അവരുടെ പേരിൽ കോടികളുടെ വായ്‌പ; സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

സഹകരണ സംഘത്തിൽ അംഗങ്ങളറിയാതെ അവരുടെ പേരിൽ കോടികളുടെ വായ്‌പ; സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

കാസറഗോഡ്: സഹകരണ സംഘത്തിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പയെടുത്തെന്ന പരാതിയിൽ സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കർമംതോടിയിലെ കെ.രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പോലീസ് കേസെടുത്തു. പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ.സൂപ്പി നൽകിയ പരാതിയിലാണ് നടപടി. സെക്രട്ടറി ഒളിവിലാണെന്ന് പോലീസ് പറയുന്നു.

പോലീസ് കേസെടുത്തതിന് പിന്നാലെ ബാങ്ക് സെക്രട്ടറി കെ രതീശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മറ്റ് ജീവനക്കാർക്ക് പങ്കില്ലെന്നും, നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നുമാണ് സിപിഎം നിലപാട്.

പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണം ഇല്ലാതെയാണ് ഏഴ് ലക്ഷം രൂപ വരെ അനുവദിച്ചത്. ജനുവരി മുതൽ നിരവധി തവണകളായാണ് വായ്‌പകൾ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയൽ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *