കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

ബെംഗളൂരു: മല്ലേശ്വരം കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്. അഴിമതി, ജോലിയിൽ ഉത്തരവാദിത്വമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉയർന്നതിനെ തുടന്നാണ് ലോകായുക്ത നടപടി. പരിശോധനയിൽ നിരവധി ആശങ്കാജനകമായ പ്രശ്നങ്ങൾ കണ്ടെത്തിയതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു. രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശുപത്രി ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഡോക്ടർമാരുടെ കൃത്യമായ ഹാജർനില ആശുപത്രിയിൽ സൂക്ഷിച്ചിട്ടില്ല. ആശുപത്രിയിൽ മരുന്നുകൾ സ്റ്റോക്കുണ്ടെങ്കിലും പുറമെ നിന്നുള്ള ഫാർമസികളിൽ നിന്ന് വാങ്ങേണ്ട മരുന്നുകളാണ് ഡോക്ടർമാർ സ്ഥിരമായി നിർദേശിക്കുന്നത്. ആശുപത്രിയിലെ 10 പ്രത്യേക മുറികളിൽ മൂന്ന് രോഗികളെ മാത്രമാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും, ആവശ്യത്തിന് ജീവനക്കാരുടെ ലഭ്യതയില്ലെന്നും കണ്ടെത്തി. കാലഹരണപ്പെട്ട മരുന്നുകൾ ഫാർമസികളിൽ സൂക്ഷിച്ചിട്ടുമുണ്ട്. ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും പരിതാപകരമായ അവസ്ഥയിലാണെന്നും ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.

ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിൽ പ്രവർത്തനശേഷിയുള്ള ഒരു വെൻ്റിലേറ്റർ മാത്രമേയുള്ളൂ. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സമഗ്രമായി പരിശോധിച്ച് പോരായ്മകൾ പരിഹരിക്കുമെന്നും ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ലോകായുക്ത ജസ്റ്റിസ് പാട്ടീൽ പറഞ്ഞു.

TAGS: BENGALURU | LOKAYUKTA RAID
SUMMARY: Lokayukta raid exposes crisis at Bengaluru’s KC General hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *