തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയര്‍ത്തി, തൃശൂര്‍ എടുത്ത് സുരേഷ് ഗോപി

തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയര്‍ത്തി, തൃശൂര്‍ എടുത്ത് സുരേഷ് ഗോപി

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 18 സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. തൃശ്ശൂരിലാണ് അട്ടിമറി ഉണ്ടായത്. 2019 ൽ 93,633 വോട്ടുകൾക്ക് കോൺഗ്രസ് ജയിച്ച മണ്ഡലത്തിലാണ് സുരേഷ് ഗോപി വിജയം ഉറപ്പിച്ചത്. 70,000 മുകളിലാണ് ലീഡ്. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളിധരൻ മൂന്നാം സ്ഥാനത്താണ്.

വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ യുഡിഎഫ് വ്യക്തമായ ലീഡ് നേടി. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് അടക്കം വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മികച്ച മുന്നേറ്റമാണ് യു.ഡി.എഫ് നേടിയത്. ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് ഉയർത്താനായത്. പാലക്കാട്ടും ആറ്റിങ്ങലിലും ഒരു ഘട്ടത്തിൽ എൽഡിഎഫിന് നേരിയ ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും അത് നിലനിർത്താനായില്ല.

പല യുഡിഎഫ് സ്ഥാനാർഥികളുടെയും ലീഡ് നില 50000 മുകളിലാണ്. എറണാകുളത്ത് ഹൈബി ഈഡൻ്റെ ലീഡ് രണ്ട് ലക്ഷം കവിഞ്ഞിതോടെ വിജയം ഉറപ്പിച്ചു.

കണ്ണൂരിൽ കെ. സുധാകരൻ, വടകരയിൽ ഷാഫി പറമ്പിൽ, ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ, കോട്ടയത്ത് ഫ്രാൻസിസ് ജോർജ്, പാലക്കാട് ശ്രീകണ്ഠൻ എന്നിവരുടെ ഭൂരിപക്ഷം അര ലക്ഷത്തിന് മുകളിലാണ്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിൻ്റെ ലീഡ് ഒരു ലക്ഷത്തിന് മുകളിലാണ്. പൊന്നാനിയിൽ അബ്ദുസമദ് സമദാനി ഒന്നേമുക്കാൽ ലക്ഷത്തിനും ഇ.ടി. മുഹമ്മദ് ബഷീർ രണ്ട് ലക്ഷത്തിന് മുകളിലും വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചിട്ടുണ്ട്. പത്തായിരം വോട്ടുകള്‍ക്ക് മുകളിലാണ് ഇപ്പോഴത്തെ ലീഡ് നില. ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ആണ് തൊട്ടുപിന്നിൽ ഉള്ളത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *