ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 200ഓളം സിനിമകള്‍ക്കായി 700ലേറെ പാട്ടുകള്‍ രചിച്ചിട്ടുണ്ട്.

1971ല്‍ ‘വിമോചനസമരം’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ഗാനരചനയിലേക്ക് കടന്നത്. ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ, നാടൻ പാട്ടിൻ്റെ മടിശീല കിലുങ്ങുമീ നാട്ടിൻ പുറമൊരു യുവതി, താലിപ്പൂ പീലിപ്പൂ, ആഷാഢമാസം ആത്മാവില്‍ മോഹം, കാളിദാസന്‍റെ കാവ്യഭാവനയെ, ഇളംമഞ്ഞിൻ കുളിരുമായ് ഒരു കുയില്‍, ഈ പുഴയും കുളിർക്കാറ്റും, തൊഴുകൈ കൂപ്പിയുണരും, തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. നാല് സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.

സംവിധായകൻ ഹരിഹരനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്‍റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്.

TAGS : LATEST NEWS,
SUMMARY : Lyricist Mankombu Gopalakrishnan passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *