മഹാരാഷ്ട്രയില്‍ അധികാരം ഉറപ്പിച്ച്‌ മഹായുതി

മഹാരാഷ്ട്രയില്‍ അധികാരം ഉറപ്പിച്ച്‌ മഹായുതി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് വന്‍ വിജയം. ബിജെപി 127 സീറ്റുകളിലും ഷിന്‍ഡെ സേന 48 സീറ്റുകളിലും ലീഡ് ചെയ്താണ് വീണ്ടും അധികാരം ഉറപ്പിച്ചത്. 288 സീറ്റുകളില്‍ 223 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം വിജയിച്ചത്.

മഹാരാഷ്ട്രയില്‍ ഇത്തവണ കടുത്ത മത്സരമുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍,കാര്യമായ ചലനം ഉണ്ടാക്കാന്‍ എതിര്‍ മുന്നണിക്ക് കഴിഞ്ഞില്ല. 288 സീറ്റുകളില്‍ ബി.ജെ.പി സഖ്യം 223 സീറ്റുകള്‍ നേടിയാണ് വന്‍ വിജയത്തിലേക്ക് നീങ്ങിയത്. മറുവശത്ത് പ്രതിപക്ഷ സഖ്യം വെറും 56 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.

കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് 145 സീറ്റെങ്കിലും നേടേണ്ടതുണ്ട്. ബിജെപി 127 സീറ്റുകളില്‍ മുന്നിലായി. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിയില്ലാതെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആരെന്ന ചോദ്യം വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

2019ല്‍ ബിജെപി-ശിവസേനയും തമ്മില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍,ശിവസേന 56 സീറ്റുകള്‍ നേടി. മുഖ്യമന്ത്രി സ്ഥാനം ശിവസേന ആവശ്യപ്പെട്ടെങ്കിലും ബിജെപി സമ്മതിക്കാത്തതിനെ തുടര്‍ന്ന് സഖ്യം പിരിയുകയായിരുന്നു.

തുടര്‍ന്ന് ആദ്യമായി ശിവസേന കോണ്‍ഗ്രസ്-എന്‍സിപിയുമായി കൈകോര്‍ത്തു, അതിനു പിന്നാലെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിക്ക് ഇത്തവണ 100ല്‍ താഴെ സീറ്റുകള്‍ ലഭിച്ചാലും ഷിന്‍ഡെക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവസരമുണ്ട്. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് 127 സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ രൂപീകരണം കൂടുതല്‍ എളുപ്പമാക്കുന്നു.

ഇതോടെ ഇത്തവണ ബിജെപിയില്‍ നിന്ന് ആരെങ്കിലും മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് വരുന്നത്. ബിജെപി കേന്ദ്ര നേതൃത്വവും ഇതേ തീരുമാനത്തിലാണെന്നാണ് സൂചന.

TAGS : MAHARASHTRA | ELECTION
SUMMARY : Maha Yuti wins in Maharashtra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *