നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം, നിയന്ത്രണങ്ങള്‍ ഒഴിവാക്കി

നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം, നിയന്ത്രണങ്ങള്‍ ഒഴിവാക്കി

തിരുവനന്തപുരം: മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായി.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. നിപ പ്രതിരോധത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനെയും അഭിനന്ദിച്ച മന്ത്രി ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ മരണം തീരാനഷ്ടമാണ്. മറ്റൊരാളിലേക്ക് നിപ വൈറസ് പകരാതെ സംരക്ഷിക്കാനായത് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം കൊണ്ടാണ്.

മഞ്ചേരി മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ തീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങി. മാനസികാരോഗ്യം ഉറപ്പാക്കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കി. പൂര്‍ണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണമേര്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കുകയാണ് ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ജൂലൈ 21-നാണ് മലപ്പുറം ജില്ലയിൽ നിപ ബാധിച്ച് പതിനാലുകാരൻ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ  നിപ ബാധിച്ച് 21 പേരാണ് മരിച്ചത്. ഇതിനുമുമ്പ് മൂന്ന് തവണയാണ് കേരളത്തിൽ നിപ സ്ഥിരീകരിച്ചത്. 2018ൽ 17 പേരുടെ മരണത്തിനിടയാക്കിയ നിപ ബാധിച്ച് 2021-ൽ ഒരാളും 2023-ൽ രണ്ട് പേരും മരിച്ചിരുന്നു.

<br>
TAGS : NIPAH VIRUS | KERALA
SUMMARY : Malappuram Nipah Mukta; Restrictions removed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *