മലയാളി ഹോളിവുഡ് നടൻ തോമസ് ബെര്‍ളി അന്തരിച്ചു

മലയാളി ഹോളിവുഡ് നടൻ തോമസ് ബെര്‍ളി അന്തരിച്ചു

കൊച്ചി: ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി (93) അന്തരിച്ചു. കൊച്ചിയിലെ പ്രമുഖ വ്യവസായിയായ ഇദ്ദേഹം ദീർഘകാലമായി മത്സ്യസംസ്‌കരണ -കയറ്റുമതി രംഗത്താണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. 1950കളിലാണ് തിരക്കഥയിലൂടെയും അഭിനയത്തിലൂടെയുമൊക്കം അദ്ദേഹം ഹോളിവുഡിന്റെ ഭാഗമായി മാറിയത്.

വിദ്യാര്‍ഥിയായിരിക്കുമ്പോൾ സിനിമ പഠിക്കാന്‍ അമേരിക്കയിലേക്കു പോയ കലാകാരനാണ് തോമസ് ബെര്‍ളി. 1954ല്‍ അദ്ദേഹം ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചു. ഇംഗ്ലീഷ് സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലായിരുന്നു സിനിമാ പഠനം. സിനിമാ സംവിധാനവും നിര്‍മാണത്തിന്റെ വിവിധ വശങ്ങളുമാണ് പഠിച്ചത്. പഠനകാലത്ത് തോമസ് ബെര്‍ളി എഴുതിയ ഒരു തിരക്കഥ കിങ് ബ്രദേഴ്‌സ് എന്ന കമ്പനി സിനിമയാക്കി.

അക്കാലത്ത് അതിന് 2500 ഡോളര്‍ അദ്ദേഹത്തിനു ലഭിച്ചു. പിന്നീട് 15 വര്‍ഷക്കാലം അമേരിക്കയിലെ ടെലിവിഷന്‍-സിനിമ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചത്. നിരവധി തിരക്കഥകളുമെഴുതി. ഇന്റര്‍മീഡിയറ്റ് പഠനം കഴിഞ്ഞ കാലത്താണ് അക്കാലത്തെ പ്രമുഖ സംവിധായകനായ വിമല്‍കുമാറിനെ കാണുന്നത്. തിരമാല എന്ന ചിത്രത്തില്‍ അഭിനയിച്ചു.

ആ സിനിമയില്‍ തോമസ് ബെര്‍ളി നായകനായിരുന്നു. പ്രമുഖ നടന്‍ സത്യനായിരുന്നു ആ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചത്. പടം ഹിറ്റായി. പക്ഷേ, സിനിമയ്ക്കു പിന്നാലെ പോകാന്‍ വീട്ടുകാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. കൊച്ചിയിലെ കുരിശിങ്കല്‍ തറവാട്ടിലെ അംഗമായിരുന്ന അദ്ദേഹത്തിന് വീട്ടുകാര്‍ പറയുന്നത് കേള്‍ക്കേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് പഠനം തുടര്‍ന്നു.

സിനിമ മാത്രമേ പഠിക്കൂ എന്ന് ശഠിച്ച അദ്ദേഹം അങ്ങനെയാണ് അമേരിക്കയില്‍ പഠനത്തിന് എത്തിയത്. അമേരിക്കയില്‍ നിന്ന് മടങ്ങി 10 വര്‍ഷത്തിനു ശേഷം ബെര്‍ളി വീണ്ടും മലയാള സിനിമയിലെത്തി. ‘ഇത് മനുഷ്യനോ’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. കെ പി ഉമ്മറായിരുന്നു ആ ചിത്രത്തില്‍ നായകന്‍. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്തു. ‘വെള്ളരിക്കാപ്പട്ടണം’ എന്ന ചിത്രമാണത്.

പ്രേംനസീര്‍ അഭിനയിച്ച മുഴുനീള ഹാസ്യചിത്രം. ഇതിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയതും തോമസ് ബെര്‍ളിയായിരുന്നു. സിനിമയും അതിലെ പാട്ടുകളും ഹിറ്റായിരുന്നു. ‘ഹോളിവുഡ് ഒരു മരീചിക’ എന്ന പേരില്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. അതുള്‍പ്പെടെ നാല് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.

TAGS : LATEST NEWS
SUMMARY : Malayalam Hollywood actor Thomas Burley passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *