സിദ്ധാര്‍ത്ഥ വിഹാര്‍ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കര്‍ ഭൂമി തിരികെ നൽകാൻ  തീരുമാനിച്ച് മല്ലികാർജുൻ ഖാർഗെയും കുടുംബവും

സിദ്ധാര്‍ത്ഥ വിഹാര്‍ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കര്‍ ഭൂമി തിരികെ നൽകാൻ തീരുമാനിച്ച് മല്ലികാർജുൻ ഖാർഗെയും കുടുംബവും

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഖാർഗെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ ഭൂമി തിരികെ നൽകാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുടുംബവും തീരുമാനിച്ചു.

മല്ലികാർജുൻ ഖാർഗെയുടെ മകൻ രാഹുൽ എം ഖാർഗെക്ക് ബഗലൂരിലെ ഹൈടെക് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്കിൻ്റെ ഹാർഡ്‌വെയർ സെക്ടറിൽ കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) അനുവദിച്ച ഭൂമിയാണ് വിവാദമായത്. ഏറെ വിവാദമുണ്ടാക്കിയ മുഡ ഭൂമി തിരികെ നൽകാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം.

2024 മാർച്ചിലാണ് കർണാടക കോൺഗ്രസ് സർക്കാർ രാഹുൽ ഖാർഗെയുടെ നേതൃത്വത്തിലുള്ള സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിന് ഭൂമി അനുവദിച്ചത്. പട്ടികജാതി (എസ്‌സി) ക്വാട്ടയിൽ അഞ്ച് ഏക്കർ ഭൂമിയാണ് ട്രസ്റ്റിന് അനുവദിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, അദ്ദേഹത്തിൻ്റെ മരുമകനും കലബുറഗി എംപിയുമായ രാധാകൃഷ്ണ, മകൻ രാഹുൽ ഖാർഗെ തുടങ്ങി നിരവധി ഖാർഗെ കുടുംബാംഗങ്ങൾ ഉള്‍പ്പെടുന്നതാണ് സിദ്ധാർത്ഥ വിഹാർ ട്രസ്റ്റ്.

സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ആരോപിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. കെഐഎഡിബി ഹൈടെക് ഡിഫൻസ് എയ്‌റോസ്‌പേസ് പാർക്കിനായി നീക്കിവച്ചിരിക്കുന്ന 45.94 ഏക്കർ സ്ഥലത്തിൻ്റെ ഭാഗമായുള്ള ഭൂമിയാണ്‌ ട്രസ്റ്റിന് അനുവദിച്ചത്.
<BR>
TAGS : SIDDHARTHA VIHAR TRUST | MALLIKARJUN KHARGE
SUMMARY : Mallikarjun Kharge and family decide to return five acres of land allotted to Siddhartha Vihar Trust

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *