മാമി തിരോധാനക്കേസ്; ഡ്രൈവറെയും ഭാര്യയെയും കാണാനില്ല

മാമി തിരോധാനക്കേസ്; ഡ്രൈവറെയും ഭാര്യയെയും കാണാനില്ല

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി ബാലുശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിന്‍റെ (മാമി -56) തിരോധാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ ഡ്രൈവറെയും ഭാര്യയെയും കാണാതായി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.

ഇന്നലെ ബന്ധുക്കള്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരുടെയും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും പരാതിയില്‍ പറയുന്നു. ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിത്ത് കുമാറിനെ കഴിഞ്ഞു കുറച്ചു ദിവസമായി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. രജിത് കുമാറും, ഭാര്യ തുഷാരയും താമസിച്ച ഹോട്ടലില്‍ നിന്നും ചെക്ക്‌ഔട്ട് ചെയ്തു പോയ ശേഷമാണ് കാണാതായത്.

മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന രജിത് കുമാറിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മാമി തിരോധാന കേസില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

2023 ഓഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായത്. തുടർന്ന് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. 22ന് തലക്കുളത്തൂരില്‍ ഫോണ്‍ ഓണായി ഭാര്യയെയും സുഹൃത്തിനെയും വിളിച്ചുവെങ്കിലും പിന്നീട് വീണ്ടും ഓഫായി. മാമിയെ കാണാനില്ലെന്ന് അന്നാണ് ബന്ധുക്കള്‍ നടക്കാവ് പോലീസില്‍ പരാതി കൊടുത്തത്. സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ രണ്ടുമാസം പോലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ജൂലൈ 10ന് എഡിജിപി എം ആർ അജിത്കുമാർ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടാക്കാനായില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നേരത്തേ സിബിഐക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

TAGS : LATEST NEWS
SUMMARY : Mami missing Case; The driver and his wife are missing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *