സാമ്പത്തിക തർക്കം; യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

സാമ്പത്തിക തർക്കം; യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മൈസൂരു വരുണ ഗ്രാമത്തിന് സമീപമുള്ള ഹോട്ടലിന് മുമ്പിൽ വെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മൈസൂരുവിലെ ക്യാതമരനഹള്ളി സ്വദേശി കാർത്തിക് ആണ് കൊല്ലപ്പെട്ടത്. അഞ്ചംഗ സംഘം കാർത്തികിനെ വെട്ടിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതായി പോലീസ് പറഞ്ഞു.

ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്ത് കാർത്തിക് തന്റെ മഹീന്ദ്ര ഥാർ പാർക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു അഞ്ചംഗ സംഘം ഇയാളെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. സുഹൃത്ത് പ്രവീണുമായുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏകദേശം 4-5 മാസം മുമ്പ് പ്രവീണിനെ കൊല്ലുമെന്ന് കാർത്തിക് ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന്റെ പ്രതികാരമായി പ്രവീൺ ക്വട്ടേഷൻ സംഘവുമായി ചേർന്ന് കാർത്തിക്കിനെ കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് പറഞ്ഞു. പ്രവീൺ നിലവിൽ ഒളിവിലാണ്. കഴിഞ്ഞ വർഷം ചിക്കഹള്ളിയിൽ നടന്ന വധശ്രമക്കേസുമായി ബന്ധപ്പെട്ട് കാർത്തിക് അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്.

TAGS: KARNATAKA | ARREST
SUMMARY: Man hacked to death by gang of five near Mysuru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *