ഐസിയുവില്‍ കിടന്ന യുവതിയെ കടന്നുപിടിച്ച മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍

ഐസിയുവില്‍ കിടന്ന യുവതിയെ കടന്നുപിടിച്ച മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരനാണ്.

സംഭവത്തെത്തുടർന്ന് പ്രതിയെ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനില്‍കുമാർ സസ്‌പെന്‍ഡ് ചെയ്തു. കേസിനാസ്പദമായ സംഭവമുണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു.

ഈ സമയം യുവതി മയക്കത്തിലായിരുന്നു. യുവതിയുടെ യൂറിൻ ബാഗ് മാറ്റുന്നതിനിടെ ഇയാള്‍ യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെയായിരുന്നു അതിക്രമം. ശസ്ത്രക്രിയയ്ക്ക് ശേഷം അവശ നിലയിലായിരുന്നതിനാല്‍ സംഭവമുണ്ടായപ്പോള്‍ ഒന്ന് ഒച്ചവെക്കാൻ പോലും യുവതിക്ക് കഴിഞ്ഞില്ല.

പിന്നീട് ബന്ധുക്കള്‍ യുവതിയെ കാണാനെത്തിയ സമയം യുവതി സംഭവം അവരോട് പറയുകയായിരുന്നു. ബന്ധുക്കളാണ് ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് ആര്‍എംഒയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷത്തില്‍ ദില്‍കുമാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഈ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് സമര്‍പ്പിച്ചു. സൂപ്രണ്ടാണ് മെഡിക്കല്‍ കോളജ് പോലീസിനെ വിവരമറിയിച്ചത്. ശേഷം പോലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Medical college employee arrested for assaulting woman in ICU

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *