മിഹിറിന്റെ ആത്മഹത്യ: സ്‌കൂളിലെ റാഗിങ്ങിന് തെളിവില്ലെന്ന് പോലിസ്

മിഹിറിന്റെ ആത്മഹത്യ: സ്‌കൂളിലെ റാഗിങ്ങിന് തെളിവില്ലെന്ന് പോലിസ്

കൊച്ചി: തിരുവാണിയൂർ സ്‌കൂളില്‍ വിദ്യാർഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യ റാഗിങ്ങ് കാരണം അല്ലെന്ന് പോലീസ് റിപ്പോർട്ട്. റാഗ് ചെയ്‌തതിന് തെളിവുകളൊന്നും ഇല്ല. ആത്മഹത്യയുടെ കാരണം റാഗിങ്ങ് അല്ല, കുടുംബ പ്രശ്‌നങ്ങളാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുത്തൻകുരിശ് പോലീസ് ആലുവ എസ്‌പിക്ക് സമർപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 15നാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് ചാടി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ ജീവനൊടുക്കിയത്.

പിന്നാലെ സ്‌കൂളില്‍ നിന്ന് നേരിട്ട ക്രൂരമായ റാഗിങ്ങാണ് തന്റെ മകന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് ആരോപിച്ച്‌ മിഹിറിന്റെ മാതാവ് രംഗത്തെത്തുകയായിരുന്നു. മറ്റ് കുട്ടികളില്‍ നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്‌ത്തിവച്ച്‌ ഫ്ലഷ് ചെയ്യുന്നതുള്‍പ്പെടെയുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലുകള്‍ക്ക് വിധേയനായെന്നും ആരോപണമുയർന്നിരുന്നു.

പിന്നാലെ സ്‌കൂളിനും പ്രിൻസിപ്പലിനുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയർന്നു. മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ്ങ് അല്ലെന്ന് വ്യക്തമാക്കി പോലീസ് റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. അതേസമയം, മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച്‌ പിതാവ് ആദ്യം പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് റാഗിങ്ങ് ആരോപണം ഉന്നയിച്ച്‌ മാതാവ് പോലീസില്‍ പരാതിപ്പെട്ടത്.

മാതാവിനും രണ്ടാനച്ഛനുമൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന മകൻ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവെന്നും എന്തെങ്കിലും പ്രശ്‌നമുള്ളതായി മകൻ പറഞ്ഞിട്ടില്ലെന്നും പിതാവ് ഷഫീഖ് മാടമ്പാട്ട് പറഞ്ഞിരുന്നു. മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അത് എന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്ളാറ്റില്‍ ഉണ്ടായിരുന്നു എന്ന് അറിയണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. മിഹിറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളടക്കം വച്ചുകൊണ്ടാണ് പിതാവ് പരാതി നല്‍കിയിരുന്നത്.

TAGS : MIHIR AHAMED DEATH
SUMMARY : Mihir’s suicide: Police find no evidence of ragging at school

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *