എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാം; ആശാ ലോറന്‍സ് നല്‍കിയ ഹർജി സുപ്രിംകോടതി തള്ളി

എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാം; ആശാ ലോറന്‍സ് നല്‍കിയ ഹർജി സുപ്രിംകോടതി തള്ളി

ഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ച ശേഷമാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ക്രിസ്തുമത വിശ്വാസിയായ ഒരു വ്യക്തിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ആശ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീംക്കോടതി തള്ളിയത്.

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി നേരത്തേ ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ശരിവെച്ചു. വിടപറഞ്ഞ് രണ്ടാം ദിവസം മുതല്‍ നിയമ വ്യവഹാര കുരുക്കിലായിരുന്നു സംഭവം. സെപ്തംബര്‍ 21 നാണ് എം എം ലോറന്‍സ് അന്തരിച്ചത്. മൃതദേഹം പഠനാവശ്യത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയതും കോടതിയില്‍ പോയതും മകള്‍ ആശ ലോറന്‍സായിരുന്നു.

സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും, മുന്‍ എം.പിയും, സി.ഐ.ടി.യു അഖിലേന്ത്യാ നേതാവുമായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ക്രൂരമായ പോലീസ് അതിക്രമം നേരിടേണ്ടി വന്ന നേതാക്കളില്‍ ഒരാളാണ് എം.എം. ലോറന്‍സ്.

TAGS : MM LAWRENCE
SUMMARY : MM Lawrence’s body may be donated to medical studies; The Supreme Court dismissed the petition filed by Asha Lawrence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *