എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മോഹന്‍ലാല്‍

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മോഹന്‍ലാല്‍

‘എമ്പുരാന്‍’ സിനിമാ വിവാദത്തില്‍ ഖേദപ്രകടനവുമായി നടന്‍ മോഹന്‍ലാല്‍. സിനിമ കുറെ പേര്‍ക്ക് വലിയ മനോവിഷമമുണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും ടീമിനും ഖേദമുണ്ടെന്നും മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു.

സിനിമക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഇതിന്റെ ഉത്തരവാദിത്തമുണ്ട്. വിവാദ രംഗങ്ങള്‍ നീക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു തീരുമാനിക്കുകയായിരുന്നു. നിങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ലെന്നും നടന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ രൂപം:

‘ലൂസിഫര്‍’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച്‌ തീരുമാനിച്ച്‌ കഴിഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു…
സ്‌നേഹപൂര്‍വം മോഹന്‍ലാല്‍

TAGS : MOHANLAL | EMPURAN
SUMMARY : Mohanlal expresses regret over Empuraan controversy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *