വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ്; മൂന്ന് കോടി രൂപ നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ

വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ്; മൂന്ന് കോടി രൂപ നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് ജില്ലയുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നല്‍കുമെന്ന് നടനും കേണലുമായ മോഹൻലാല്‍. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നത്. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ലെന്നും മോഹൻലാല്‍ പറഞ്ഞു.

നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിൻ്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാർ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിൻ്റെ ഭാഗമായി. താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവ‍ർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്കരിക്കാനുമാണ് താൻ വന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെയ്‌ലി പാലം തന്നെ വലിയ അദ്ഭുതമാണ്. ഈശ്വരൻ്റെ സഹായം കൂടെയുണ്ട്, ഇത് യാഥാർത്ഥ്യമായതിന് പിന്നിലെന്ന് കരുതുന്നു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നല്‍കും. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷൻ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാല്‍ പറഞ്ഞു. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണല്‍ കൂടിയായ മോഹൻലാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്.

ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ ചൂരല്‍മല മുണ്ടക്കൈയിലേക്ക് എത്തിയത്. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് ഇന്നലെ 25 ലക്ഷം രൂപ അദ്ദേഹം നല്‍കിയിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്.

TAGS : WAYANAD LANDSLIDE | MOHANLAL
SUMMARY : Mohanlal’s hand to Wayanad; Vishwashanthi Foundation will give Rs.3 crores

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *