മുകേഷിനെ ഒഴിവാക്കി: പ്രേംകുമാറും മധുപാലും സിനിമാനയ സമിതിയില്‍

മുകേഷിനെ ഒഴിവാക്കി: പ്രേംകുമാറും മധുപാലും സിനിമാനയ സമിതിയില്‍

തിരുവനന്തപുരം: സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സർക്കാർസമിതിയില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാല്‍ എന്നിവരെ അംഗങ്ങളാക്കി സമിതി പുനഃസംഘടിപ്പിച്ചു. സമിതിയില്‍ നിന്ന് നടനും എം.എല്‍.എ.യുമായ മുകേഷിനെ ഒഴിവാക്കി.

ലൈംഗികപീഡന പരാതിയില്‍ പ്രതിയായ മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് നേരത്തേത്തന്നെ ആവശ്യമുയർന്നിരുന്നു. അറസ്റ്റിലായ മുകേഷ് ജാമ്യത്തിലാണ്. ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുണ്‍ അധ്യക്ഷനായ സമിതിയില്‍ സാംസ്കാരികവകുപ്പിന്റെ മുൻസെക്രട്ടറി മിനി ആന്റണിയായിരുന്നു കണ്‍വീനർ.

മിനി ആന്റണി വിരമിച്ചതിനാല്‍ സമിതിയില്‍ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് കണ്‍വീനറാകും. ഫെഫ്കയുടെ പ്രതിനിധിയായിരുന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അടുത്തിടെ സമിതിയില്‍നിന്ന് രാജിവെച്ചു.

2023 ജൂലായില്‍ പത്തംഗസമിതി രൂപവത്കരിച്ച്‌ ഉത്തരവിറങ്ങിയപ്പോള്‍ത്തന്നെ സിനിമയിലെ തിരക്കിന്റെ പേരില്‍ നടി മഞ്ജുവാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും സ്വയം ഒഴിവായി. നടിമാരായ പത്മപ്രിയ, നിഖിലാ വിമല്‍, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് മറ്റംഗങ്ങള്‍. സമിതി പുനഃസംഘടിപ്പിച്ച്‌ തിങ്കളാഴ്ച ഉത്തരവിറങ്ങും.

TAGS : MLA MUKESH | FILM | PREM KUMAR | MADHU PAL
SUMMARY : Mukesh excluded: Premkumar and Madhupal in Cinemanaya Samiti

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *