ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി താമസിച്ച ഹോട്ടലിൻ്റെ ബില്ലടച്ചില്ല; നിയമ നടപടിക്കൊരുങ്ങി മൈസൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ

ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി താമസിച്ച ഹോട്ടലിൻ്റെ ബില്ലടച്ചില്ല; നിയമ നടപടിക്കൊരുങ്ങി മൈസൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ

ബെംഗളൂരു: കർണാടകയിൽ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിന്റെ ബില്‍ തുക ഒരു വർഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടൽ. 80.6 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതി. പണം കിട്ടാനായി നിയനടപടി സ്വീകരിക്കുമെന്ന് ഹോട്ടല്‍ മാനേജ്മെന്റ് അറിയിച്ചു.

പ്രൊജക്റ്റ് ടൈഗറിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിനെത്തിയ പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് റാഡിസണ്‍ ബ്ലൂ പ്ലാസയിൽ താമസിച്ചത്. പ്രധാനമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മുറി വാടക ഉൾപ്പെടെയുള്ള താമസച്ചെലവ് ലഭിക്കാൻ 12 മാസം വൈകിയതിനാൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ചേർത്തുള്ള തുകയാണ് ഹോട്ടൽ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.

വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തയാറാക്കിയ പദ്ധതിയായിരുന്നു പ്രൊജക്റ്റ് ടൈഗര്‍. പദ്ധതിയുടെ അമ്പതാം വാര്‍ഷികം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും കര്‍ണാടക വനം വകുപ്പും ചേര്‍ന്നായിരുന്നു സംഘടിപ്പിച്ചത്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജംഗിള്‍ സഫാരി പരിപാടിയുടെ ഭാഗമായിരുന്നു.

തുക അടയ്ക്കാതായതോടെ നിരവധി തവണ ഹോട്ടല്‍ മാനേജ്മെന്റ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനും കര്‍ണാടക വനം വകുപ്പിനും ഇമെയില്‍ മുഖേനെ സന്ദേശമയച്ചിരുന്നു. എന്നാൽ ഇവരുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ലെന്ന് മാനേജ്‌മെന്റ് ആരോപിച്ചു.

ബില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് 2023 സെപ്റ്റംബറിലായിരുന്നു ആദ്യമായി ഹോട്ടല്‍ മാനേജ്‌മെന്റ്, വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്ക് കത്തയച്ചത്. തുടർന്ന് കര്‍ണാടക സര്‍ക്കാരാണ് ബില്ലടക്കേണ്ടതെന്ന മറുപടി ലഭിച്ചു. വീണ്ടും മാര്‍ച്ചില്‍ കത്തെഴുതിയെങ്കിലും മറുപടി കിട്ടിയില്ല, ഈ സാഹചര്യത്തിലാണ് ജൂണ്‍ ഒന്നിനുള്ളിൽ ബില്ലുകള്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ നിയമ നടപടിക്കൊരുങ്ങുമെന്ന് ഹോട്ടല്‍ അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *