ദസറ; മൈസൂരു കൊട്ടാരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ദസറ; മൈസൂരു കൊട്ടാരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: ദസറയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മൈസൂരു കൊട്ടാരം. ഒക്ടോബർ 12നാണ് ദസറ ആഘോഷിക്കുക. ജംബോ സവാരിയുടെ രണ്ടാം റൗണ്ട് റിഹേഴ്സൽ ഇന്ന് രാവിലെ കൊട്ടാരവളപ്പിൽ വിജയകരമായി നടത്തി. ഹൗഡ ആന അഭിമന്യുവും കുംകി ആനകളായ ലക്ഷ്മിയും ഹിരണ്യയും പരിശീലനത്തിൽ പങ്കെടുത്തു. കർണാടക ആംഡ് റിസർവ് പോലീസിൻ്റെ (കെഎആർപി) മൗണ്ടഡ് പോലീസും പോലീസ് ബാൻഡും റിഹേഴ്‌സലിൽ പങ്കെടുത്തിരുന്നു.

ജംബോ സവാരിക്ക് മുന്നോടിയായി, 12ന് ഉച്ചയ്ക്ക് 1.41നും 2.10നും ഇടയിലുള്ള മകര ലഗ്നത്തിൽ കൊട്ടാരം വടക്കേ കവാടത്തിൽ (ബാലരാമ കവാടത്തിൽ) നന്ദിധ്വജ പൂജ നടത്തും. വൈകുന്നേരം 4നും 4.30നും ഇടയിൽ ഗോൾഡൻ ഹൗഡയിലെ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ പുഷ്പാഞ്ജലി അർപ്പിക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ജില്ലാ മന്ത്രി ഡോ.എച്ച്.സി. മഹാദേവപ്പ തുടങ്ങി നിരവധി പ്രമുഖർ പരിപാടികളിൽ പങ്കെടുക്കും. ചാമുണ്ഡി ഹിൽസിൽ ജംബോ സവാരിക്കായി ചാമുണ്ഡേശ്വരിയുടെ ഉത്സവ മൂർത്തിയെ കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. മൈസൂരു കൊട്ടാരത്തിലെ നോർത്ത് ഗേറ്റ് മുതൽ ബന്നിമണ്ടപ്പിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ട് വരെ അഞ്ച് കിലോമീറ്റർ നീളത്തിലാണ് സവാരി നടത്തുക. സവാരി റൂട്ടിൽ റോഡിൻ്റെ ഇരുവശത്തുമുള്ള ഫുട്പാത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

12ന് രാവിലെ നടക്കുന്ന പരേഡിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. 4,500 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

TAGS: KARNATAKA | DUSSEHRA
SUMMARY: Mysuru palace ready to Embrace Dussehra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *