നാസയുടെ ക്രൂ – 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍; സ്വീകരിച്ച്‌ സുനിത വില്യംസും സംഘവും

നാസയുടെ ക്രൂ – 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍; സ്വീകരിച്ച്‌ സുനിത വില്യംസും സംഘവും

ഫ്‌ലോറിഡ: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യത്തിലെ ക്രൂ അംഗങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്‌ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേര്‍ന്ന നാലംഗ ക്രൂ-10 സംഘം ഇന്ന് ഈസ്റ്റേണ്‍ സമയം രാവിലെ 12.35നാണ് ഹാച്ച്‌ തുറന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. അടുത്ത ബാച്ച്‌ സഞ്ചാരികളെ സുനിത വില്യംസിന്റെയും ബുച്ച്‌ വില്‍മോറിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച്‌ വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയാണ് ക്രൂ-10 ദൗത്യത്തിന്റെ ലക്ഷ്യം.

അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയില്‍നിന്ന് സ്‌പേസ്‌എക്‌സ് ഫാല്‍ക്കണ്‍-9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 9.30-ഓടെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് നടന്നു.

ഇന്ത്യന്‍ സമയം രാവിലെ 10.30-ഓടെ ഹാച്ചിങ് ആരംഭിച്ചു. സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ ഹാച്ച്‌ ഇന്ത്യന്‍ സമയം രാവിലെ 11.05-ന് തുറന്നു. തുടര്‍ന്ന് ക്രൂ-10 ലെ അംഗങ്ങള്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസ്, ബുച്ച്‌ വില്‍മോര്‍ എന്നിവരെ തിരിച്ചെത്തിക്കുന്നതാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. മാര്‍ച്ച്‌ 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും.

TAGS : SUNITA WILLIAMS
SUMMARY : NASA’s Crew – 10 at the International Space Station; Sunita Williams and team welcome

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *