മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി

മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി

ബെംഗളൂരു: മാവോവാദി നേതാവായ തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഞായറാഴ്ച ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർക്ക് മുമ്പിലാണ് ലക്ഷ്മി കീഴടങ്ങിയത്. ലക്ഷ്മിയെ ജില്ലാ പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ കര്‍ണാടകയിലെ ആറ് മാവോവാദി നേതാക്കള്‍ പോലീസിൽ കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയും കീഴടങ്ങിയത്. ലക്ഷ്മിയുടെ ഭര്‍ത്താവും മാവോ നേതാവുമായ സലീം നാലുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയിരുന്നു.

ഇതുവരെ 21 മാവോയിസ്റ്റുകളാണ് ഇത്തരത്തില്‍ നക്സൽ പ്രവര്‍ത്തനം അവസാനിപ്പിച്ച് കീഴടങ്ങിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ലക്ഷ്മിയും കീഴടങ്ങിയതോടെ മാവോവാദി സംഘങ്ങളില്‍ ഇനി കര്‍ണാടക സ്വദേശികളാരും ഇല്ലെന്നാണ് വിവരം. മാവോവാദികളുടെ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഏതാനും വര്‍ഷങ്ങളായി ലക്ഷ്മി മാവോവാദി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ലക്ഷ്മിക്കെതിരേ ഉഡുപ്പിയില്‍ മൂന്നു കേസുകളാണ് നിലവിലുള്ളത്. നക്‌സല്‍വിരുദ്ധ സേനയ്‌ക്കെതിരേ വെടിവെപ്പ് നടത്തിയതിനും ഒരാളെ ആക്രമിച്ചതിനും ഗ്രാമങ്ങളില്‍ ലഘുലേഖകള്‍ വിതരണംചെയ്തതിനുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2007 മുതല്‍ ലക്ഷ്മി ഒളിവിലാണെന്നും ഇവര്‍ക്കെതിരേ പലതവണ വാറന്റ് പുറപ്പെടുവിച്ചതാണെന്നും പോലീസ് അറിയിച്ചു.

TAGS: KARNATAKA | NAXALITE
SUMMARY: Naxalite Thombattu Lakshmi surrenders before Udupi DC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *