വയനാടിന്റെ കണ്ണീരൊപ്പാന്‍ നയന്‍താരയും വിഘ്‌നേഷും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി

വയനാടിന്റെ കണ്ണീരൊപ്പാന്‍ നയന്‍താരയും വിഘ്‌നേഷും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കി

വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി തെന്നിന്ത്യന്‍ താരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. 20 ലക്ഷം രൂപയാണ് താരദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇവരുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്റെ പേരിലാണ് സംഭാവന നല്‍കിയത്.

‘വയനാട്ടിലെ നഷ്ടത്തിന് പകരമാവില്ല. ഇരുണ്ടകാലത്ത് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു’.- എന്ന് പറഞ്ഞുകൊണ്ടാണ് സാമ്പത്തിക സഹായത്തിന്റെ വിവരം വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മക്കളായ ഉയിരിനും ഉലകിനും ഒപ്പമാണ് ഇരുവരും ദുരന്തബാധിതര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചത്.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധികര്‍ക്കൊപ്പം ഞങ്ങളുടെ മനസുമുണ്ടെന്ന് നയന്‍താരയും വിഘ്‌നേഷും വാര്‍ത്താകുറിപ്പില്‍ പ്രതികരിച്ചു. അവിടത്തെ മനുഷ്യര്‍ അനുഭവിച്ച ദുരിതങ്ങളും നഷ്ടങ്ങളും ഉള്ളുലയ്ക്കുന്നതാണ്. വലിയ സഹായം ആവശ്യമുള്ള സമയത്ത് പരസ്പരം പിന്തുണയുമായി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട പ്രാധാന്യം മനസിലാക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവുമായി നിരവധി താരങ്ങളാണ് എത്തുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം നല്‍കി. തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കുകയുണ്ടായി. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. നടന്‍ ആസിഫ് അലിയും സാമ്പത്തിക സഹായം നല്‍കി.

TAGS : WAYANAD LANDSLIDE | NAYANTHARA | MINISTERS RELIEF FUND
SUMMARY : Nayantara and Vignesh contributed 20 lakhs to the Chief Minister’s Relief Fund

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *