ട്രെയിൻ യാത്രയില്‍ മേയ് ഒന്ന് മുതല്‍ പുതിയ മാറ്റം; ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ

ട്രെയിൻ യാത്രയില്‍ മേയ് ഒന്ന് മുതല്‍ പുതിയ മാറ്റം; ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ

ഇന്ത്യൻ റെയില്‍വെയുടെ പുതിയ മാറ്റം രാജ്യത്ത് ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. ഇനി മുതല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യാൻ സാധിക്കില്ല. മേയ് ഒന്ന് മുതലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. കണ്‍ഫേം ടിക്കറ്റുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വവും യാത്രാ അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.

പുതിയ നിർദ്ദേശ പ്രകാരം, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാർക്ക് സ്ലീപ്പർ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാൻ അനുവാദമുണ്ടാകില്ല. അവർക്ക് ജനറല്‍ കോച്ചുകളില്‍ മാത്രമേ യാത്ര ചെയ്യാനാവൂ. ഐആർസിടിസിയുടെ വെബ്‌സൈറ്റ് വഴി എടുക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ഓട്ടോമാറ്റിക്കായി റദ്ദാവുകയും ചെയ്യും. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ധാരാളം പേർ സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യുകയും ഇത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന സാഹചര്യം വന്നതോടെയാണ് റെയില്‍വെ ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

പുതിയ നിയമം ലംഘിച്ച്‌ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നവർക്ക് ടിടിഇ കനത്ത പിഴ ഈടാക്കും. ശേഷം യാത്ര ചെയ്യാൻ അനുവദിക്കാതെ ജനറല്‍ കോച്ചുകളിലേക്ക് പോകേണ്ടിവരും. സ്ഥിരീകരിച്ച ടിക്കറ്റുകളുള്ളവർക്ക് യാത്രയ്ക്കിടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ നിയമം നടപ്പിലാക്കുന്നതെന്ന് നോർത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ക്യാപ്റ്റൻ ശശി കിരണ്‍ പറഞ്ഞു.

ചില ട്രെയിനുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എത്തുന്ന യാത്രക്കാർ കണ്‍ഫോം യാത്രക്കാരുടെ സീറ്റ് കയ്യേറുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കൂടാതെ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എത്തുന്നവർ കാരണം കോച്ചുകളില്‍ തിങ്ങിനിറയുന്ന അവസ്ഥയാണ്. ഇതൊഴിവാക്കാനും വേണ്ടിയാണ് പുതിയ നിയമം നടപ്പിലാക്കിയത്. അതുകൊണ്ട് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍, അത് ഒഴിവാക്കുന്നതാണ് നല്ലത്.

TAGS : TRAIN
SUMMARY : New changes in train travel from May 1st; Heavy fines for violators

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *