ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ദേശീയ ഹരിത ട്രൈബ്യൂണൽ

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ദേശീയ ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു: ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ 400 അടി താഴ്ചയുള്ള കുഴൽക്കിണറുകൾ ഉൾപ്പെടെയുള്ള വിവിധ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനോട് (കെഎസ്സിഎ) ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ജലക്ഷാമത്തിനിടെ ഐപിഎൽ മത്സരങ്ങൾക്കായി സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയാണ് ട്രൈബ്യൂണൽ ഇക്കാര്യം ആവശ്യപ്പെട്ടത്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ്റെ (കെഎസ്‌സിഎ) അഭ്യർത്ഥന മാനിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സ്റ്റേഡിയത്തിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ അനുമതി നൽകിയെന്ന മാധ്യമ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി ട്രൈബ്യൂണൽ നേരത്തെ സ്വമേധയാ നടപടി സ്വീകരിച്ചിരുന്നു. സ്‌റ്റേഡിയത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ അളവും സ്രോതസ്സും സംബന്ധിച്ച പൂർണവിവരങ്ങളടങ്ങിയ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം ബിഡബ്ല്യുഎസ്എസ്ബിയോട് ട്രൈബ്യുണൽ നിർദേശിച്ചിരുന്നു.

മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പ്രതിദിനം ഏകദേശം 75,000 ലിറ്റർ വെള്ളമാണ് ആവശ്യമായി വരുന്നത്. ബെംഗളൂരുവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിൻ്റെ (എംഎൽഡി)ക്ഷാമം നേരിടുന്നുണ്ട്. നഗരത്തിലെ 14,000 കുഴൽക്കിണറുകളിൽ 6,900 എണ്ണവും വറ്റി. ഇത്തരമൊരു സാഹചര്യത്തിൽ മത്സരവേദിയിലേക്ക് ജലവിതരണം അനുവദിച്ചത് തെറ്റായ നടപടിയാണെന്ന് എൻജിടി ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗം ഡോ. എ. സെന്തിൽ വേൽ എന്നിവർ ചൂണ്ടിക്കാട്ടിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *