തന്നെ വസ്ത്രാക്ഷേപം നടത്തി, ചെളിവാരിയെറിഞ്ഞു; യുഡിഎഫിനെതിരേ വിമര്‍ശനവുമായി പി.വി. അൻവര്‍

തന്നെ വസ്ത്രാക്ഷേപം നടത്തി, ചെളിവാരിയെറിഞ്ഞു; യുഡിഎഫിനെതിരേ വിമര്‍ശനവുമായി പി.വി. അൻവര്‍

നിലമ്പൂര്‍: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫിനെതിരേ കടുത്ത വിമർശനവുമായി പി.വി. അൻവര്‍. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് മുഖത്ത് ചെളിവാരി എറിയുകയാണെന്നും അൻവര്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു.

പാലക്കാട്, ചേലക്കര തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ പറഞ്ഞു. പാലക്കാട് തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ചു. പിൻവലിച്ച സ്ഥാനാർഥിയോട് യുഡിഎഫ് നേതൃത്വം നന്ദി പോലും പറഞ്ഞില്ല. ടിഎംസി നിർത്തിയിരുന്ന സ്ഥാനാർഥി അപമാനിതനായെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘വയനാട് യുഡിഎഫിന് നിരുപധിക പിന്തുണ കൊടുത്തു. പനമരം പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് മറിച്ച്‌ യുഡിഎഫിന്‍റെ കയ്യില്‍ കൊടുത്തു. ചുങ്കത്തറ പഞ്ചായത്തും യുഡിഎഫിലേക്ക് എത്തിച്ചു. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാല് മാസമായി. ഈ മാസം രണ്ടിന് പ്രവേശന ചുമതല യുഡിഎഫ് സതീശന് നല്‍കി. പിന്നീട് ഒരു മറുപടിയും ഇല്ല. ഈ മാസം 15 ന് വി ഡി സതീശൻ രണ്ട് ദിവസത്തിനകം മറുപടി പറയാം എന്ന് പറഞ്ഞു. ഒന്നും നടന്നില്ല’..അന്‍വര്‍ പറഞ്ഞു.

യുഡിഎഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കില്‍ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അൻവര്‍ പറഞ്ഞു. താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അൻവര്‍ ചോദിച്ചു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. സിറ്റിംഗ് സീറ്റ് ആണ് വിട്ട് എറിഞ്ഞത്. എന്ത് സംരക്ഷണമാണുള്ളത്. സര്‍ക്കാര്‍ തന്‍റെ ഗണ്‍മാനെയും തനിക്കുള്ള സുരക്ഷയും പിന്‍വലിച്ചു. ബിസിനസ് തകര്‍ത്തു. പാർക്ക്‌ പ്രശ്നം പരിഹരിക്കാൻ പോലും മുഖ്യമന്ത്രി വഴി ശ്രമിച്ചിട്ടില്ല.

സർക്കാരിനെതിരെ പറഞ്ഞപ്പോള്‍ തനിക്കെതിരെ ഇപ്പോള്‍ 28 കേസുണ്ട്. തന്നെ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് യുഡിഎഫ്. ഇനി ആരുടെയും കാലുപിടിക്കാനില്ല. കാലുപിടിക്കാൻ ശ്രമിക്കുമ്പോൾ മുഖത്ത് ചവിട്ടരുത്. കത്രിക പൂട്ട് ഇട്ട് തന്നെ പൂട്ടുകയാണ്. കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. കെസി വേണുഗോപാലുമായി സംസാരിക്കും. തൃണമൂലിനെ ഘടകക്ഷിയാക്കാൻ എന്താണ് പ്രശ്ശം.

തന്‍റെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താതിരിക്കാൻ എന്ത് ന്യായമാണുള്ളത്. തൃണമൂലിനെ ഘടകക്ഷിയാക്കിയാല്‍ തൃണമൂല്‍ നേതാക്കള്‍ പ്രചരണത്തിനെത്തും. തന്നോട് നാമനിര്‍ദേശ പത്രിക നല്‍കാൻ പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. കെ സുധാകരനും ചെന്നിത്തലയും ബന്ധപ്പെടുന്നുണ്ട്. കെ മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. തന്നെ അസോസിയേറ്റഡ് അംഗം ആക്കിയാലും മതി. അത് പ്രഖ്യാപിക്കണമെന്നും പിവി അൻവര്‍ പറഞ്ഞു.

TAGS : PV ANVAR
SUMMARY : PV Anwar criticizes UDF

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *