നിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി

നിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകള്‍ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്. തുടർന്നാണ് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്.

പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രേമകുമാരിയും ആക്‌ഷൻ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലെ അദെൻ നഗരത്തിലെത്തി നിമിഷപ്രിയയെ കണ്ടിരുന്നു. സനയിലെ എയർലൈൻ കമ്പനി സി.ഇ.ഒ കൂടിയാണ് സേവ് നിമിഷപ്രിയ ഇന്റർനാഷണല്‍ ആക്‌ഷൻ കൗണ്‍സില്‍ അംഗമായ തമിഴ്നാട് സ്വദേശി സാമുവേല്‍ ജെറോം. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.


TAGS: NIMISHA PRIYA| YEMAN| MONEY|
SUMMARY: Nimisha priya’s release; Central Govt approves transfer of money for initial negotiations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *