നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനിനിയുടെ മരണത്തില്‍ ആരോപണം നേരിടുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. മരണപ്പെട്ട തിരുവനന്തപുരം സ്വദേശി അമ്മു എ സജീവിന്റെ ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ സഹപാഠികളാണ് പോലീസ് കസ്റ്റഡിയിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.

തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയില്‍ ശിവം വീട്ടില്‍ സജീവിന്റെയും രാധാമണിയുടെയും മകളും നാലാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ അമ്മു എ.സജീവ് (22) ആണ് നവംബര്‍ 15 ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു നിന്നു ചാടി ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെത്തിച്ചപ്പോളേക്കും മരിച്ചു. സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്ന വിവരം അറിയിച്ചിട്ടും കോളജ് അധികൃതര്‍ ഗൗരവത്തോടെ ഇടപെട്ടില്ലെന്നു കുടുംബം ആരോപിച്ചിരുന്നു. മരണത്തില്‍ കോളജ് അധികൃതരുടെ വിശദീകരണത്തില്‍ പൊരുത്തക്കേടുകളെന്നും ആരോപണം ഉയര്‍ന്നിരുന്നു.

അമ്മു കെട്ടിടത്തില്‍ നിന്നു ചാടിയെന്ന് നാലരയോടെ വിദ്യാര്‍ഥിനികള്‍ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജില്‍നിന്നു പറഞ്ഞതെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്. 2.6 കിലോമീറ്റര്‍ ദൂരമാണ് ജനറല്‍ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണ്. ഒരു മണിക്കൂര്‍ 37 മിനിറ്റ് ആശുപത്രിയില്‍ കിടത്തിയെന്നാണ് പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാല്‍ 108 ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെന്നും പറയുന്നു. എന്തുകൊണ്ടാണ് ഇത് വൈകിയതെന്ന് അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അമ്മുവിന് സഹപാഠികളായ മൂന്നുപേരില്‍ നിന്ന് കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ക്ലാസിലും ഹോസ്റ്റലിലും നിരന്തരം ഈ വിദ്യാര്‍ഥിനികള്‍ പ്രശ്‌നങ്ങളുണ്ടാക്കി.

ടൂര്‍ കോര്‍ഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയതും ഇവര്‍ എതിര്‍ത്തു. ഇത് ചൂണ്ടിക്കാട്ടി അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുകയാണ്. മൂന്ന് വിദ്യാര്‍ഥിനികളും അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കഴിഞ്ഞദിവസം അദ്ധ്യാപകര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. വിദ്യാര്‍ഥിനികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നുവെന്നും എന്നാലിത് കോളേജിനുള്ളില്‍ തന്നെ പരിഹരിച്ചിരുന്നുവെന്നാണ് അമ്മുവിന്റെ ക്ലാസ് ടീച്ചര്‍ പോലീസിനോട് പറഞ്ഞത്. ലോഗ് ബുക്ക് കാണാതായതും ടൂര്‍ കോര്‍ഡിനേറ്ററായി അമ്മുവിനെ തിരഞ്ഞെടുത്തതും വിദ്യാര്‍ഥിനികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയതായി കോളേജ് പ്രിന്‍സിപ്പലും മൊഴി നല്‍കിയിട്ടുണ്ട്.

<BR>
TAGS : NURSING STUDENT,
SUMMARY : Nursing student’s suicide, three classmates in custody

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *