അസ്ഥിരോഗ വിദഗ്ധൻ ഡോ. തോമസ് ചാണ്ടി അന്തരിച്ചു

അസ്ഥിരോഗ വിദഗ്ധൻ ഡോ. തോമസ് ചാണ്ടി അന്തരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ ഹൊസ്മാറ്റ് ആശുപത്രി സ്ഥാപക ചെയര്‍മാനും പ്രശസ്ത അസ്ഥിരോഗ വിദഗ്ധനുമായ ഡോ. തോമസ് ചാണ്ടി (75) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11-നായിരുന്നു അന്ത്യം. ഇന്ത്യയിലെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ തോമസ് ചാണ്ടി 8000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. സംഗീതത്തിലും കഴിവുതെളിയിച്ച അദ്ദേഹം സാക്സോഫോണിസ്റ്റ് കൂടിയായിരുന്നു.

ആലപ്പുഴ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ബെംഗളൂരു ജോൺസ് മെഡിക്കൽ കോളേജിൽനിന്നാണ് എംബിബിഎസ് നേടിയത്. ഉപരിപഠനത്തിനായി ന്യൂയോർക്കിലെത്തി. ഇക്കാലയളവിൽ സംഗീതവും അഭ്യസിച്ചു. യുഎസിൽ 18 വർഷം ക്ലിനിക്കൽ പ്രാക്ടീസിലും അധ്യാപനത്തിലും ചെലവഴിച്ചു.

1980-കളുടെ തുടക്കമായപ്പോൾത്തന്നെ അദ്ദേഹം 2000-ത്തിലധികം സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. 1993-ലാണ് ബെംഗളൂരുവിൽ തിരിച്ചെത്തിയത്. ഇന്ത്യയിൽ അത്യാധുനിക ഓർത്തോപീഡിക് പരിചരണം കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ 1993 ലാണ് സ്പോർട്സ് മെഡിസിൻ, ഓർത്തോപീഡിക്സ് ആക്സിഡന്റ് കെയർ, ന്യൂറോ സയൻസ് എന്നീ ചികിത്സാ സംവിധാനങ്ങളുമായി ബെംഗളൂരുവിൽ ഹൊസ്മാറ്റ് ആശുപത്രിക്ക് തുടക്കമിടുന്നത്.

നിര്‍ധന രോഗികൾക്കായി നാല് ചാരിറ്റബിൾ ട്രസ്റ്റുകളും രൂപീകരിച്ചു. ബിസിസിഐ കൺസൾട്ടന്‍റ് ,ബാംഗ്ലൂർ ഓർത്തോപീഡിക്ക് സൊസൈറ്റി മുൻ പ്രസിഡന്റ്, കാത്തലിക് ഡോക്ടേഴ്സ് അസോസിയേഷൻ സ്ഥാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. കർണാടക സർക്കാറിന്റെ കെംപഗൗഡ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഭാര്യ: ജോയ് ചാണ്ടി. മക്കൾ: അനീഷ ചാണ്ടി, അർമാന്റ് ചാണ്ടി. മരുമകൻ: ജൊനാഥൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30-ന് സെയ്ന്റ് പാട്രിക് പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഹൊസൂർ റോഡ് സെയ്ന്റ് പാട്രിക് സെമിത്തേരിയിൽ നടക്കും.
<br>
TAGS : OBITUARY
SUMMARY : Orthopedic specialist Dr. Thomas Chandy passed away.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *