പത്മശ്രീ ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാൾ അന്തരിച്ചു

പത്മശ്രീ ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാൾ അന്തരിച്ചു

പത്മശ്രീ ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാൾ (109) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോയമ്പത്തൂരിലാണ് അന്ത്യം. ജില്ലയിലെ തെക്കംപട്ടിയിൽ ദേവലാപുരം ഗ്രാമത്തിൽ മരുതാചല മുതലിയാരുടെയും വേലമ്മാളിൻ്റെയും മകളായി 1914ലാണ് രംഗമ്മാൾ എന്ന പാപ്പമ്മാൾ ജനിച്ചത്. അച്ഛനും അമ്മയും നേരത്തേ നഷ്ടപ്പെട്ട പാപ്പയേയും സഹോദരിമാരേയും മുത്തശ്ശിയാണ് വളർത്തിയത്. ഒരു ചെറിയ പലഹാരക്കടയാണ് പാപ്പമ്മാളിന്റെ വിജയയാത്രയുടെ മൂലധനം.

അവിടെനിന്ന് കിട്ടിയ ലാഭം കൂട്ടിക്കൂട്ടിവച്ച് പത്തര ഏക്കർ ഭൂമി വാങ്ങി കൃഷിയിറക്കി. സഹോദരങ്ങൾക്കും അവരുടെ കുടുംബത്തിനും വേണ്ടതെല്ലാം നൽകിക്കഴിഞ്ഞ് തനിക്കായി കിട്ടിയ രണ്ടര ഏക്കർ ഭൂമിയിൽ റാഗിയും തിനയും മറ്റു പച്ചക്കറികളും കൃഷി ചെയ്തായിരുന്നു ഉപജീവനം നടത്തിയിരുന്നത്. പാപ്പമ്മാളുടെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുകൊണ്ട് രാജ്യം 2021 ല്‍ അവര്‍ക്ക് പത്‌മശ്രീ നല്‍കി.

സജീവ ഡിഎംകെ പ്രവര്‍ത്തക കൂടിയായിരുന്നു പാപ്പമ്മാള്‍. പാപ്പമ്മാളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 2023ൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഗ്ലോബൽ മില്ലെറ്റ്‌സ് കോൺഫറൻസിൽ പാപ്പമ്മാൾ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ജൈവ കൃഷിയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചിരുന്നു.

TAGS: PAPPAMMAL | DEATH
SUMMARY: Padmasree Awardee Pappammal dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *