പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ തിരിച്ചെത്തി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ തിരിച്ചെത്തി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി ഗോപാല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രാഹുലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. നേരിട്ട് ഹാജരാകുന്നതു വരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വിട്ടയച്ചത്. ജര്‍മനിയിലേക്കു കടന്ന രാഹുലിനെ തിരികെയെത്തിക്കാനുള്ള നടപടികള്‍ പോലീസ് ശക്തമാക്കിയിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് രാഹുല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവള അധികൃതര്‍ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടതിന് ശേഷം ഇയാള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന നിര്‍ദേശം ലഭിച്ചതിന് ശേഷമാണ് വിട്ടയച്ചത്. കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീന്‍ നിര്‍ദേശിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവായ രാഹുലും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗാര്‍ഹികപീഡന പരാതിയില്‍ പന്തീരാങ്കാവ് പോലീസ് അന്വേഷണം തുടരുകയാണ്. എറണാകുളം വടക്കേക്കര സ്വദേശിയാണ് യുവതി.

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം വീട്ടുകാര്‍ പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ മകളെ കാണാനെത്തിയപ്പോള്‍ മര്‍ദനമേറ്റ് അവശനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതോടെ രാഹുല്‍ ഒളിവില്‍ പോയി. രാഹുല്‍ മര്‍ദിച്ചെന്ന് യുവതി പോലീസില്‍ മൊഴിയും നല്‍കി.

ആഴ്ചകള്‍ക്ക് ശേഷം രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും സമ്മര്‍ദം മൂലം പറഞ്ഞതാണെന്നും യുവതി സാമൂഹികമാധ്യമങ്ങളിലൂടെ പറയുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന് പിതാവും പരാതി നല്‍കി. കുടുംബപ്രശ്നം പറഞ്ഞു പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

TAGS : PANTHIRANGAV | INDIA
SUMMARY : Pantirangaon domestic violence case: Accused Rahul is back

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *