തെറ്റ് തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; പാലക്കാട് സ്ഥാനാര്‍ഥിത്വം പുനപ്പരിശോധിക്കണമെന്ന് പി സരിന്‍

തെറ്റ് തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; പാലക്കാട് സ്ഥാനാര്‍ഥിത്വം പുനപ്പരിശോധിക്കണമെന്ന് പി സരിന്‍

പാലക്കാട്: പാലക്കാട് സ്ഥാനാര്‍ഥിത്വം പുനപരിശോധിച്ചില്ലെങ്കില്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകില്ല രാഹുല്‍ ഗാന്ധിയാകുമെന്ന് കോണ്‍ഗ്രസിന്‍റെ സാമൂഹ്യമാധ്യമ വിഭാഗം കണ്‍വീനര്‍ ഡോ. പി സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഘപരിവാര്‍ ശക്തികളെ തോല്‍പ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ആ മനുഷ്യന് തോല്‍വി സംഭവിച്ച് കൂടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയ നടപടിയില്‍ തന്‍റെ അതൃപ്‌തി പരസ്യമായി അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഡോ. സരിന്‍ ആഞ്ഞടിച്ചത്.

പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സരിന്‍ പറഞ്ഞു. യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഇന്‍സ്റ്റ റീലും സ്റ്റോറിയും ഇട്ടാല്‍ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരം. പാര്‍ട്ടി മൂല്യങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണം. തീരുമാനം ഒറ്റക്കെട്ടാകണം. എല്ലാവരും അംഗീകരിക്കുന്ന തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് അടിക്കില്ലെന്നും പറയേണ്ടത് പറഞ്ഞിട്ടേ പോകുവെന്നും സരിന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥിത്വത്തില്‍ പുനപരിശോധന വേണമെന്ന് എ ഐ സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈക്കാര്യം ഉന്നയിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും സമയമുണ്ട്. ഇല്ലങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയായിരിക്കും. ചിലര്‍ തീരുമാനിച്ച കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ പാര്‍ട്ടി വലിയ കൊടുക്കേണ്ടിവരുമെന്നും സരിന്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ഥി ആകാത്തതുകൊണ്ടല്ല താന്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയത് . സിപിഎം ഒരു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണ്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിന്‍ കുറ്റപ്പെടുത്തി.
<br>
TAGS : P SARIN | CONGRESS
SUMMARY : Party should re-examine Palakkad candidature says P Sarin

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *