പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം പി.സി ചാക്കോ രാജിവെച്ചു. പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നാണ് രാജി. ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം, ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ചാക്കോ തുടരും.

ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.

എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് പി സി ചാക്കോയുടെ രാജി. മന്ത്രി മാറ്റത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നായിരുന്നു പി സി ചാക്കോയുടെ നിലപാട്. എന്നാല്‍ മന്ത്രി മാറ്റ വിഷയം ഈ വിധമല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന നിലപാടിലായിരുന്നു ചാക്കോ വിരുദ്ധ പക്ഷം.

പി സി ചാക്കോ ഏകാധിപത്യഭരണം നടത്തുന്നു. പ്രസിഡന്റുമാരെ മാറ്റുന്നതല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പി സി ചാക്കോ ഒന്നും ചെയ്യുന്നില്ല. മുന്നണി മര്യാദ പാലിക്കാത്തയാളാണ് പി സി ചാക്കോയെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം എല്‍ഡിഎഫ് വിടാനുള്ള ചരടുവലി പി സി ചാക്കോ നടത്തുന്നുണ്ടെന്നാണ് സൂചന. നേരത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന പിസി ചാക്കോ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് എൻസിപിയിൽ ചേർന്ന് ഇടത് പാളയത്തിലെത്തിയത്.
<br>
TAGS : KERALA NCP
SUMMARY : PC Chacko resigned as NCP state president

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *