ബെംഗളൂരു: ബെംഗളൂരുവിൽ വ്യാപാരികളിൽ നിന്നും അനധികൃതമായി പണം പിരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രാജഗോപാലനഗർ പോലീസ് സ്റ്റേഷൻ എഎസ്ഐ രാമലിംഗയ്യ, ഹെഡ് കോൺസ്റ്റബിൾ പ്രസന്നകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കടകളിൽ നിന്ന് പണം പിരിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഹൊയ്‌സാല പട്രോൾ പോലീസ് വാഹനം പൊതുജനങ്ങൾ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതേതുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് നടപടി.
വ്യാപാരികളിൽ നിന്ന് പോലീസുകാർ രാത്രികളിൽ പണം പിരിക്കുന്നത് പതിവാണെന്ന് വ്യാപാരികൾ ആരോപിച്ചിരുന്നു. എന്നാൽ ഇതിൽ കാര്യമായ നടപടി ഉണ്ടായിരുന്നില്ല. ഇതേതുടർന്നാണ് കഴിഞ്ഞ ദിവസം പട്രോളിംഗ് വാഹനം നാട്ടുകാർ ആക്രമിക്കാനൊരുങ്ങിയത്.

