സുഹാസ് ഷെട്ടി വധം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്, മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി

സുഹാസ് ഷെട്ടി വധം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്, മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ബജ്രംഗ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിന്‌ പിന്നാലെ മംഗളൂരുവിൽ അതീവ ജാഗ്രത. ജില്ലയിലുടനീളം പോലീസ് സുരക്ഷ ശക്തമാക്കി. ആക്രമണം ആസൂത്രിതമാണെന്ന് പോലിസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ് സുരക്ഷാക്രമീകരണങ്ങൾക്ക് മേൽനോട്ടം നൽകാൻ അഡീഷണൽ ഡിജിപി ആർ. ഹിതേന്ദ്ര മംഗളൂരുവിലെത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഒന്നിലധികം പ്രത്യേക സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാൻ തുടർച്ചയായ പോലീസ് പട്രോളിംഗ് നടക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടരയോടെ ബജ്പെ കിന്നിപ്പദവു ക്രോസിൽ ഒട്ടേറെപേർ നോക്കിനിൽക്കേയാണ് കൊലപാതകം. പിക്കപ്പ് ട്രക്കിലും സ്വിഫ്റ്റ് കാറിലുമായി എത്തിയ ആറുപേർ ചേർന്നാണ് സുഹാസ് ഷെട്ടിയെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കിന്നിപ്പടവ് ക്രോസിന് സമീപം സുഹാസ് ഷെട്ടിയും അഞ്ച് കൂട്ടാളികളും എത്തിയിരുന്നു. സഞ്ജയ്, പ്രജ്വാൾ, അൻവിത്, ലതീഷ്, ശശാങ്ക് എന്നിവരാണ് ഷെട്ടിയുടെ കൂടെയുണ്ടായിരുന്നത്. ഈ സമയത്താണ് ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് ട്രക്കിലും എത്തിയ ആറ് അക്രമികൾ ഷെട്ടിയുടെ വാഹനം തടഞ്ഞുനിർത്തിയത്. അക്രമികൾ ഷെട്ടിയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ എജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2022-ലെ സുറത്കൽ ഫാസിൽ കൊലക്കേസിലെ ഒന്നാം പ്രതിയായ ഇയാൾ കഴിഞ്ഞവർഷമാണ് ജാമ്യത്തിലിറങ്ങിയത്.

സംഭവത്തെത്തുടർന്ന്, വെള്ളിയാഴ്ച  വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നഡ ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. രാവിലെ രണ്ടു സ്വകാര്യ ബസുകൾക്ക് നേരേ കല്ലേറുണ്ടായതോടെ ബസുകൾ സർവീസ് നിർത്തിവെച്ചു. മംഗളൂരുവിലെ മിക്ക ഭാഗങ്ങളിലും കടകൾ അടഞ്ഞു കിടന്നിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ജില്ലയിൽ ഈ മാസം അഞ്ചിന് രാവിലെ ആറുമണിവരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

 

TAGS: KARNATAKA | MURDER
SUMMARY: Police strictens curb at Mangalore amid Suhas Shetty murder

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *