മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച; നാളെ മുതല്‍ പൊതുദര്‍ശനം

മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച; നാളെ മുതല്‍ പൊതുദര്‍ശനം

വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. നാളെ രാവിലെ മുതല്‍ സെന്റര്‍ പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കാനും കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് പൊതുദർശനം. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.

കത്തോലിക്ക സഭയുടെ 266-മത്തെ പരമാധ്യക്ഷനായിരുന്നു പോപ്പ് ഫ്രാൻസിസ്. തന്റെ അന്തിമ സംസ്‌കാര ചടങ്ങുകളും ആരാധനാക്രമങ്ങളും ഏതു വിധത്തില്‍ വേണമെന്നു വിശദീകരിക്കുന്ന പുസ്തകം 2024 ഏപ്രിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തുവിട്ടിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ലളിതമായിരിക്കണമെന്നും ഭൗതികാവശിഷ്ടം എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇതില്‍ വിശദീകരിക്കുന്നു.

ക്രിസ്തുശിഷ്യനായ വി.പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് മാര്‍പാപ്പ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാന്‍ തീരുമാനിച്ചത്.

തുറന്ന ചുവന്ന കൊഫിനില്‍ കിടത്തിയിരിക്കുന്ന മാര്‍പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടു. ചുവന്ന മേലങ്കിയും തലയില്‍ പാപല്‍ മീറ്റര്‍ കിരീടവും കൈയില്‍ ജപമാലയും ധരിപ്പിച്ച മൃതദേഹം സ്വവസതിയായ സാന്റ മാര്‍ത്ത ചാപ്പലിലാണ് ഇപ്പോഴുള്ളത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കും. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് വത്തിക്കാന്റെ ഭരണചുമതല താല്‍ക്കാലികമായി കര്‍ദിനാള്‍ കെവിന്‍ ഫെരെലിന് നല്‍കിയിട്ടുണ്ട്. നയ തീരുമാനങ്ങള്‍ ആവശ്യമായി വന്നാല്‍ കര്‍ദിനാള്‍ സഭ ചേര്‍ന്ന് തീരുമാനമെടുക്കും.

മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. രാത്രിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മാര്‍പാപ്പയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു.
<BR>
TAGS : POP FRANCIS | VATICAN
SUMMARY : Pope’s funeral Saturday; Public viewing from tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *