അറസ്റ്റ് അനിവാര്യം; പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി

അറസ്റ്റ് അനിവാര്യം; പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വലിനെതിരെയുള്ള അറസ്റ്റ് ഒഴിവാക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. പ്രജ്വൽ രേവണ്ണ എംപി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. അപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ശനിയാഴ്ച വാദം കേൾക്കാമെന്നും അറിയിച്ചാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ ഹർജി പരിഗണിച്ചത്.

ഹർജിയിൽ മറുപടി നൽകാൻ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കൂടുതൽ സമയം ചോദിച്ചു. ഹർജി വേഗത്തിൽ തീർപ്പാക്കണമെന്നു പ്രജ്വലിന്റെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു. മേയ് 31നു മാത്രമേ കേസ് പരിഗണിക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി. കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സഹചര്യത്തിൽ മേയ് 31ന് പുലർച്ചെ ജർമനിയിൽ നിന്ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന പ്രജ്വലിന്റെ അറസ്റ്റ് ഉറപ്പായി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് മ്യുണിക്കില്‍ നിന്ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനത്തിലാണ് പ്രജ്വൽ ടിക്കറ്റെടുത്തിരിക്കുന്നത്.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രജ്വലിനെ അറസ്റ്റ് ചെയ്ത് പോലീസ് ആസ്ഥാനത്തേക്ക് കൊണ്ട് പോകാനുള്ള എല്ലാ ഒരുക്കങ്ങളും അന്വേഷണ സംഘം നടത്തി കഴിഞ്ഞു. പ്രജ്വൽ കബളിപ്പിച്ചു മുങ്ങാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടികളും പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ചിട്ടുണ്ട്.

വിമാനം ഇറങ്ങിയ ഉടൻ പ്രജ്വലിനെ പിടികൂടി പുറത്തേക്കു കടക്കാനാണ് എസ്ഐടി സംഘം തീരുമാനിച്ചിരിക്കുന്നത്. മുൻകരുതൽ എന്ന നിലക്ക് രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ 27ന് ആയിരുന്നു പ്രജ്വൽ ജർമനിയിലേക്ക് കടന്നത്. ഹാസനിലെ ഹൊളനരസിപുര പോലീ സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു രാജ്യം വിടൽ. തുടർന്ന് ഒരു മാസക്കാലം ജർമനിയിൽ ഒളിവിൽ കഴിഞ്ഞ പ്രജ്വൽ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുമെന്ന ഘട്ടം വന്നതോടെയാണ് കീഴടങ്ങാൻ തീരുമാനിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *