ബെംഗളൂരുവിൽ മണിക്കൂറുകളോളം പെയ്ത് കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരുവിൽ മണിക്കൂറുകളോളം പെയ്ത് കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ മഴ കനക്കുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ മണിക്കൂറുകളോളം കനത്ത മഴയാണ് പെയ്തത്. നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. രാത്രി 11.30 വരെ, ബെംഗളൂരു നഗരത്തിൽ 13.4 മില്ലീമീറ്ററും എച്ച്എഎല്ലിൽ 41.9 മില്ലീമീറ്ററും കെംപെഗൗഡ വിമാനത്താവള പരിസരത്ത് നേരിയ തോതിൽ മഴയും ലഭിച്ചു. കനത്ത മഴയിൽ പാണത്തൂർ റെയിൽവേ പാലം വെള്ളത്തിനടിയിലായതിനാൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

അടിപ്പാതകളിൽ വെള്ളം കയറിയതോടെ വൻ ഗതാഗതക്കുരുക്കാണ് നഗരത്തിൽ ശനിയാഴ്ച രാത്രി അനുഭവപ്പെട്ടത്. നിരവധിയിടങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെട്ടു. വിവിധയിടങ്ങളിലായി 18 മരങ്ങളാണ് കടപുഴകി വീണത്. അപകടങ്ങൾ നേരിടാൻ ബിബിഎംപി 63 ടീമുകളെ സജ്ജരാക്കിയിരുന്നു.

യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിച്ചാണ് വീടുകളിൽ എത്തിച്ചേർന്നത്. സർജാപുരിലും കെമ്പാപുരയിലും നിരവധി റോഡുകൾ വെള്ളത്തിനടിയിലായപ്പോൾ, യെലച്ചെനഹള്ളിക്ക് സമീപമുള്ള വീടുകളിൽ വെള്ളം കയറി.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജോലികൾ നടക്കുന്നതിനാൽ യെലച്ചെനഹള്ളിയിൽ ഡ്രെയിനേജ് അടഞ്ഞുകിടക്കുകയാണ്. ഇക്കാരണത്താൽ റോഡിൽ വെള്ളക്കെട്ടുകൾ ഉണ്ടായതായുയ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.

നിരവധി സ്ഥലങ്ങളിൽ ഞായറാഴ്ച പുലർച്ചെ ബിബിഎംപി എത്തിയാണ് വെള്ളം പമ്പ് ചെയ്ത് കളഞ്ഞത്. കെമ്പാപുര, ഹെബ്ബാൾ, ഗോരഗുണ്ടേപാളയ, തുമകുരു റോഡ്, ക്വീൻസ് റോഡ്, കെംഗേരി, മാർത്തഹള്ളി, ഹൂഡി ജംഗ്ഷൻ, ഇലക്ട്രോണിക്‌സ് സിറ്റി, പാണത്തൂർ റെയിൽവേ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

 

TAGS: BENGALURU, RAIN UPDATES

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *