തിരുവനന്തപുരം കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡ്രൈവര്‍; സ്റ്റിയറിങ് പിടിക്കാന്‍ ഇനി രാജിയും

തിരുവനന്തപുരം കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡ്രൈവര്‍; സ്റ്റിയറിങ് പിടിക്കാന്‍ ഇനി രാജിയും

തിരുവനന്തപുരം:  കെഎസ്ആർടിസിയില്‍ വളയം പിടിക്കാന്‍ ഒരു പെൺകുട്ടി കൂടി എത്തുന്നു. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടിൽ രാജി(35)യാണ് തിരുവനന്തപുരം കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്. 2013 ല്‍ കോതമംഗലം കെഎസ്ആ‍ര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച പെരുമ്പാവൂര്‍ സ്വദേശിനി ഷീലയാണ് കെഎസ്ആ‍ര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവര്‍. നീണ്ട 11 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഒരു വനിത കേരളത്തിന്‍റെ സ്വന്തം ആനവണ്ടിയുടെ വളയം പിടിക്കാന്‍ എത്തുന്നത്.

വർഷങ്ങളോളം കാട്ടാക്കടയിൽ ടാക്സി ഡ്രൈവർ ആയിരുന്ന റസാലത്തിന്റെയും ശാന്തയുടെയും മകളാണ് രാജി. അച്ഛന്റെ വാഹനങ്ങൾ കഴുകാനും അറ്റകുറ്റപ്പണിക്കും ആവേശത്തോടെ കൂടെക്കൂടിയിരുന്ന രാജിക്ക് ​ഡ്രൈവിങ് സീറ്റ് എന്നുമൊരു ആവേശമായിരുന്നു. സ്കൂൾ, ഡിഗ്രി പഠനകാലത്തും അതിനോടുള്ള ഇഷ്ടം തുടർന്നു. അച്ഛനോടൊപ്പം പതിയെപ്പതിയെ ബൈക്കും കാറും ലോറിയും ഓടിച്ചുപഠിക്കാൻ തുടങ്ങി. വിവാഹം കഴിഞ്ഞ് ഭർത്താവ് ബനാർജിന്റെ പിന്തുണയും കിട്ടി. കൂടുതൽ സമയം വാഹനം ഓടിക്കണം എന്ന ആഗ്രഹം ചെന്നെത്തിയത് ഡ്രൈവിങ് സ്കൂൾ പരിശീലകയുടെ വേഷത്തിലേക്കായിരുന്നു. ഒന്നര പതിറ്റാണ്ടോളമായി ഡ്രൈവിങ് പരിശീലക എന്നനിലയിൽ കാട്ടാക്കടക്കാർക്ക് ചിരപരിചിതയാണ് രാജി. അതിനിടെയാണ് കെഎസ്ആർടിസിയിൽ വനിതാ ഡ്രൈവർമാരെ നിയമിക്കാൻ തീരുമാനിച്ച് അപേക്ഷ ക്ഷണിച്ചത് അറിയുന്നത്. പരീക്ഷയിൽ രാജി രണ്ടാം റാങ്കോടെ വിജയിച്ചു.

കാട്ടാക്കട – പ്ലാമ്പഴിഞ്ഞി റൂട്ടിൽ വെള്ളിയാഴ്ച പകൽ 1.50ന് ആയിരുന്നു ആദ്യ ട്രിപ്പ്. കൂടെ കണ്ടക്ടറായി അശ്വതിയും. ഡ്രൈവിങ് സീറ്റിൽ രാജിയെ കണ്ടതോടെ നാടൊന്നാകെ ആശംസ അറിയിച്ചു. ആദ്യ യാത്രയും കെഎസ്ആർടിസി ഡ്രൈവിങ്ങും പ്രത്യേക അനുഭവമായെന്ന്‌ രാജി പറയുന്നു. പ്ലാമ്പഴിഞ്ഞി ട്രിപ്പിനുശേഷം വെള്ളിയാഴ്‌ച അഞ്ച്‌ ട്രിപ്പിലായി 150 കിലോമീറ്റർ വണ്ടി ഓടിച്ച് രാത്രി രാജി തിരിച്ചെത്തുമ്പോൾ കൂട്ടിക്കൊണ്ടുപോകാന്‍ അഭിമാനത്തോടെ അച്ഛന്‍ റസാലം എത്തിയിരുന്നു.
<br>
TAGS : KSRTC | THIRUVANATHAPURAM
SUMMARY : Rajani, becomes the first woman driver in the history to Thiruvananthapuram KSRTC

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *