റജികുമാറും എം.കെ. നൗഷാദും ലോക കേരള സഭയിലേക്ക്; കർണാടകയിൽ നിന്നും ഇത്തവണ 5 പേർ
റജികുമാർ, എം.കെ. നൗഷാദ്, സി കുഞ്ഞപ്പൻ, ഫിലിപ്പ് കെ ജോർജ്

റജികുമാറും എം.കെ. നൗഷാദും ലോക കേരള സഭയിലേക്ക്; കർണാടകയിൽ നിന്നും ഇത്തവണ 5 പേർ

ബെംഗളൂരു: പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയിലേക്ക് കർണാടകയിൽ നിന്നും ഇത്തവണ 5 പേരെ തിരഞ്ഞെടുത്തു. ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഓൾ ഇന്ത്യ കെ.എം.സി.സി. ദേശീയ പ്രസിഡണ്ട് എം.കെ. നൗഷാദ്, സി.പി.എ.സി പ്രസിഡണ്ട് സി കുഞ്ഞപ്പൻ, കല ബെംഗളൂരു ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, ഐ.ടി. ഉദ്യോഗസ്ഥനും ജൂനിയർ ചേംബര്‍ ഇൻറർനാഷണൽ ദേശീയ കോഡിനേറ്ററുമായ എൽദോ ചിറക്കച്ചാലിൽ (എൽദോ ബേബി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ചെങ്ങന്നൂർ വെന്മണി സ്വദേശിയാണ് റജികുമാർ. 28 വർഷമായി ബെംഗളൂരുവിലാണ് താമസം. ഐ ടി. മാനേജ്മെൻ്റ് കൺസൽട്ടായി പ്രവർത്തിക്കുന്നു. 2008 മുതല്‍ ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറിയാണ്.

കണ്ണൂർ അഞ്ചരക്കണ്ടി പാളയ സ്വദേശിയായ എം.കെ. നൗഷാദ് ഓൾ ഇന്ത്യ കെ.എം സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി, ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. കർണാടകയുടെ ജനറൽ കൺവീനറുമാണ്. കഴിഞ്ഞ 39 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം.

എറണാകുളം നെടുങ്ങാട് സ്വദേശിയായ സി. കുഞ്ഞപ്പൻ 50 വർഷത്തോളമായി ബെംഗളൂരുവിലാണ് താമസം. സാഹിത്യ സാംസ്കാരിക സംഘടനയായ  സി.പി.എ.സിയുടെ സ്ഥാപകാംഗവും നിലവിലെ പ്രസിഡണ്ടുമാണ്. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഉപദേശക സമിതി അംഗവും ദൂരവാണി കേരള സമാജം സാഹിത്യ വിഭാഗം കൺവീനറുമാണ്. ലോക കേരള സഭയിലേക്ക് നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

ഫിലിപ്പ് കെ ജോർജ് രണ്ടാം തവണയാണ് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുന്നത്. ബെംഗളൂരുവിലെ ഇടത് സാംസ്കാരിക സംഘടനയായ കല വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ഫിലിപ്പ്. ഒമ്പത് വര്‍ഷത്തോളം ബാംഗ്ലൂർ കേരള സമാജം പീനിയ സോണ്‍ ഭാരവാഹിയായിരുന്നു. ബെംഗളൂരുവിൽ ടെക്സ്റ്റയിൽസ് ഗാർമെൻ്റ്സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. പത്തനംതിട്ട സീതത്തോട് സ്വദേശിയാണ്. 27 വർഷമായി ബെംഗളൂരുവിലാണ് താമസം.

എൽദോ ചിറക്കച്ചാലിൽ

സാമൂഹിക പ്രവർത്തകന്‍ കൂടിയായ എൽദോ ചിറക്കച്ചാലിൽ ബെംഗളൂരു ഇൻഫോസിസിൽ ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ആണ് സ്വദേശം.

ജൂൺ 13,14,15 തീയതികളിൽ തിരുവനന്തപുരത്ത്, നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന നാലാമത് ലോക കേരള സഭ സമ്മേളനത്തിലേക്കുള്ള ക്ഷണപത്രം ലഭിച്ചതായി ഇവർ അറിയിച്ചു. രണ്ട് വർഷമാണ് അംഗത്വ കാലാവധി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *