റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്നുമുതൽ; മൂന്ന് മിനിറ്റ് വെട്ടിമാറ്റി, വില്ലന്റെ പേരും മാറും

റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്നുമുതൽ; മൂന്ന് മിനിറ്റ് വെട്ടിമാറ്റി, വില്ലന്റെ പേരും മാറും

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ചില ഭാഗങ്ങൾ റീ എഡിറ്റ് ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാൻ ഇന്ന് മുതൽ പ്രദർശനം തുടങ്ങും. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള മൂന്ന് മിനിട്ടുള്ള ഭാഗങ്ങൾ നീക്കിയെന്നാണ് വിവരം. അവധിദിവസമായിട്ടും ഇന്നലെ സെൻസർ ബോർഡ് പ്രത്യേകം യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 17 സീനുകളിൽ മാറ്റം വരുത്തുന്നതോടൊപ്പം ബജ്‌രംഗി എന്ന വില്ലൻ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിവാദ രംഗങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏതെങ്കിലും സീനോ സംഭാഷണമോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാറ്റം വരുത്താൻ സംവിധായകനോടു പറഞ്ഞിട്ടുണ്ടെന്ന് നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലൻ നേരത്തേ പറഞ്ഞിരുന്നു.

സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. കലാസൃഷ്ടിയുടെ ഉള്ളടക്കം തിരുത്തിക്കുന്നത് ഭീരുത്വമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്.

അതേസമയം വീണ്ടും സെൻസർ ചെയ്യുമെന്ന വാർത്ത വന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ സിനിമയുടെ ബുക്കിംഗ് രണ്ടുലക്ഷം കവിഞ്ഞിരുന്നു. മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാന്‍ എത്തിയത്. റിലീസ് ചെയ്ത് മൂന്നുദിവസം കൊണ്ട് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഒരുകോടി ഡോളറാണ് (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) ചിത്രം നേടിയത്. 48 മണിക്കൂറിനകമാണ് എമ്പുരാന്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ആദ്യദിന കളക്ഷനിലും വമ്പന്‍ റെക്കോര്‍ഡ് എമ്പുരാന്‍ സ്വന്തമാക്കിയിരുന്നു. നേരത്തേ അഡ്വാന്‍സ് സെയില്‍സിലും എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 58 കോടി രൂപയിലേറെയാണ് അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ ചിത്രം നേടിയത്.
<BR>
TAGS : EMPURAN
SUMMARY : Re-edited empuran from today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *