കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) മുന്നറിയിപ്പ് നൽകി. ചിക്കമഗളുരു, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, മറ്റു തീരദേശ ജില്ലകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ അടുത്ത രണ്ടു ദിവസത്തേക്ക് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ബെംഗളുരുവിൽ ഉൾപ്പെടെ കനത്ത മഴ തുടരുമെന്നാണ് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഞായറാഴ്ച പുലർച്ചെ മുതൽ ബെംഗളൂരുവിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇലക്ട്രോണിക് സിറ്റി, ഹെബ്ബാൾ അടക്കമുള്ള പ്രധാന മേഖലകളിലെല്ലാം വലിയ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. തിങ്കളാഴ്ച മാത്രം നഗരത്തിൽ മഴക്കെടുതിയിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. സിൽക്ക് ബോർഡ് ജംഗ്ഷൻ, ഹൊരമാവ് അടക്കം സൗത്ത് ബെംഗളുരുവിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.

ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ സിൽക്ക് ബോർഡ് ജംഗ്ഷനിൽ വെള്ളക്കെട്ട് കാരണം കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കായിരുന്നു അനുഭവപ്പെട്ടത്. രാവിലെ 9 മണി മുതൽ 11 മണി വരെ സിൽക്ക് ബോർഡ് മുതൽ രൂപേന അഗ്രഹാര വരെയുള്ള ഹൊസൂർ റോഡ് രണ്ട് മണിക്കൂർ അടച്ചിട്ടു. ഇലക്ട്രോണിക് സിറ്റിയിൽ അടക്കം പല ഐടി കമ്പനികളും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രാഫിക് കുരുക്കിന് കുറവുണ്ടായില്ല.

TAGS: KARNATAKA | RAIN
SUMMARY: Red alert declared in parts of karnataka amid heavy rain

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *