മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാദൗത്യത്തിന് ഈശ്വർ മാൽപെ സന്നദ്ധത അറിയിച്ചതായി കുടുംബം

മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാദൗത്യത്തിന് ഈശ്വർ മാൽപെ സന്നദ്ധത അറിയിച്ചതായി കുടുംബം

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തിലെന്ന് സഹോദരി ഭർത്താവ് ജിതിൻ. തിരച്ചിൽ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ഗംഗാവലി നദിയിലെ ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയ തിരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചിട്ടുണ്ട്.

ജില്ല കലക്‌ടർ, സ്ഥലം എംഎൽഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ജിതിൻ പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അർജുന്‍റെ വീട് സന്ദർശിച്ചു. വിഷയം അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ജിതിന്‍ പറഞ്ഞു. തിരച്ചില്‍ പുനരാരംഭിക്കാന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കൂടെ തന്നെയുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചതായി ജിതിന്‍ പറഞ്ഞു.

ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതാകുന്നത്. 13 ദിവസം കരയിലും ​ഗം​ഗാവലി നദിയിലും സൈന്യം ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും അർജുൻ ഉൾപ്പെടെ കാണാതായ മൂന്ന് പേരെ കണ്ടെത്താനായില്ല. പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും, കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് രക്ഷാദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun may continue anytime soon

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *